ഈ സിനിമ അടുക്കുന്തോറും എനിക്ക് പേടിയാണ്; റിസ്‌കെടുക്കാന്‍ സംവിധായകന്‍ റെഡിയായി, പിന്നെ എനിക്കെന്ത്: സുരാജ്
Entertainment news
ഈ സിനിമ അടുക്കുന്തോറും എനിക്ക് പേടിയാണ്; റിസ്‌കെടുക്കാന്‍ സംവിധായകന്‍ റെഡിയായി, പിന്നെ എനിക്കെന്ത്: സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th May 2022, 12:34 pm

സിനിമാ പ്രേക്ഷകരും ട്രോളന്മാരും ഒന്നടങ്കം ഒരുപോലെ ഏറ്റെടുത്ത സുരാജ് വെഞ്ഞാറമൂട് കഥാപാത്രമാണ് ദശമൂലം ദാമു. 2009ല്‍ മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ദാമു, പക്ഷെ, സിനിമയെക്കാളും മമ്മൂട്ടിയുടെ നായക വേഷത്തേക്കാളും ശ്രദ്ധ നേടി.

ദശമൂലം ദാമു കേന്ദ്ര കഥാപാത്രമായിക്കൊണ്ട് ഒരു സിനിമ ചെയ്യുന്നതായി നേരത്തെ സുരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താം വളവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ദശമൂലം ദാമുവിനെ വെച്ച് ഒരു സെക്കന്‍ഡ് പാര്‍ട്ട് സിനിമ വരുന്നുണ്ട്. ദശമൂലം ദാമു എന്ന കഥാപാത്രം ഒരു കാരിക്കേച്ചര്‍ സ്വഭാവമുള്ളതാണ്. ആ കഥാപാത്രത്തിന് ഇത്രയേറെ ഡയമന്‍ഷനും മുഖങ്ങളും ഉണ്ടെന്ന് ട്രോളന്മാര്‍ കൊണ്ടുവന്ന ശേഷമാണ് ഞാനും തിരിച്ചറിയുന്നത്. ഇത് കൊള്ളാല്ലോ പരിപാടി എന്ന് തോന്നി.

ഇവര് തന്നെ എല്ലാവരും കൂടെ ദാമുവിനെ വെച്ച് സിനിമ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ സിനിമ ഉണ്ടായത്.

സിനിമ അടുക്കുന്തോറും എനിക്ക് പേടിയാണ്. ഭയങ്കര ചാലഞ്ചിങ്ങാണ്. ചട്ടമ്പിനാട് സിനിമയിലെ ഒരു ക്യാരക്ടര്‍ മാത്രം ആയിരുന്നല്ലോ. ആ ക്യാരക്ടര്‍ വെച്ച് ഒരു ഫുള്‍ സിനിമ കൊണ്ടുപോകുക എന്ന് പറയുന്നത് റിസ്‌കാണ്. പക്ഷെ, അതിന് സംവിധായകന്‍ റെഡിയായി. പിന്നെ എനിക്കെന്ത്,” സുരാജ് പറഞ്ഞു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് പൊതുവാളാണ് ദശമൂലം ദാമു സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം നടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മേയ് 13നാണ് സുരാജും ഇന്ദ്രജിതും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പത്താം വളവ് തിയേറ്ററുകളിലെത്തിയത്. അതിഥി രവി, സുധീര്‍ കരമന, സ്വാസിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Suraj Venjaramoodu about Dasamoolam Damu movie and his anxieties