Advertisement
Entertainment news
ഞാന്‍ തന്നെ പറഞ്ഞ് എഴുതിച്ച ഡയലോഗായിരുന്നു; എന്നിട്ടും ആ സീന്‍ പത്തിരുപത്തെട്ട് ടേക്ക് പോയി; സംഭവം കയ്യീന്ന് പോയി, അഭിനയം തന്നെ വെറുത്തു: സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 14, 11:05 am
Saturday, 14th May 2022, 4:35 pm

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം രാജമാണിക്യത്തില്‍ മമ്മൂട്ടിക്ക് തിരുവനന്തപുരം സ്ലാങ്ങ് പഠിപ്പിച്ചുകൊടുത്തത് സുരാജ് വെഞ്ഞാറമൂടായിരുന്നു.

രാജമാണിക്യത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്. തന്റെ പുതിയ ചിത്രമായ പത്താം വളവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

രാജമാണിക്യത്തില്‍ തിരുവനന്തപുരം സ്ലാങ്ങ് പഠിപ്പിച്ചുകൊടുക്കാനാണ് എത്തിയിരുന്നതെങ്കിലും പിന്നീട് ഒരു സീന്‍ അഭിനയിക്കാന്‍ ലഭിച്ചുവെന്നും എന്നാല്‍ പത്തിരുപത്തെട്ട് ടേക്ക് എടുത്തിട്ടും അത് ഓക്കെയായില്ലെന്നുമാണ് സുരാജ് പറയുന്നത്.

”രാജമാണിക്യത്തില്‍ ആ തിരുവനന്തപുരം സ്ലാങ്ങ് പറഞ്ഞുകൊടുക്കാന്‍ തന്നെയാണ് വിളിപ്പിച്ചത്. പക്ഷെ അതിനിടക്ക് എന്റെ പരവേശമൊക്കെ കണ്ടിട്ട്, ഒരു സീനെങ്കില്‍ ഒരു സീന്‍ എന്ന് വിചാരിച്ച് അന്‍വര്‍ റഷീദ് സീന്‍ തന്നതാണ്.

അളിയാ എന്നാല്‍ ശരി ഓക്കെ ഇവനൊരു വേഷവും കൂടെ റെഡിയാക്കാം എന്ന് പറഞ്ഞ് തന്നതാണ്.

അങ്ങനെ തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് ഇക്കയും ഞങ്ങളുമെല്ലാം കൂടെ ഇരുന്നാണ് എന്റെ സീനിലെ ഡയലോഗ്‌സ് ഒക്കെ എഴുതിയത്.

അത്രയും ദിവസം മമ്മൂക്കയുടെ ഒപ്പം വണ്ടിയില്‍ വരുന്നു, മമ്മൂക്കയുമായി സംസാരിക്കുന്നു, മമ്മൂക്കയുടെ വണ്ടിയില്‍ കയറി പോകുന്നു. ആരെടാ ഇവന്‍, എന്ന് പ്രൊഡക്ഷനിലെ എല്ലാവരും ഇങ്ങനെ നോക്കി നില്‍ക്കും.

ഇതെന്താ പരിപാടി എന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ചായ കൊണ്ടുതരുന്നവരൊക്കെ എന്നെ നോക്കി ചിരിക്കും.

അങ്ങനെ നിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ ചെല്ലുന്നത്. അന്ന് മമ്മൂക്ക സെറ്റിലില്ല.

അനിയത്തി കഥാപാത്രത്തെ പൂ ഒക്കെ കൊണ്ടുകൊടുത്ത് വളക്കാന്‍ നില്‍ക്കുന്ന ഒരുത്തന്‍. എന്റെ കയ്യില്‍ നിന്നാണ് പൂ കൊണ്ടുപോകുന്നത്. ഞാന്‍ അവളുമായി കുറച്ച് സംസാരിച്ച് നടക്കണം, അതാണ് സീന്‍.

ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത് എഴുതിയ ഡയലോഗ് ആയിരുന്നു. എന്നിട്ടും, 18 ഓ 28 ഓ ടേക്കാ എടുത്തത്.

ഓ ഇതിനാണല്ലേ ഇവന്‍ വന്നത്, എന്നും പറഞ്ഞുകൊണ്ട് ഇത്രയും ആള്‍ക്കാര് ചുറ്റിലും നില്‍ക്കുകയാണ്. സത്യം പറഞ്ഞാല്‍ കയ്യീന്ന് പോയി, അഭിനയം വെറുത്ത് പോയി, നിര്‍ത്തി.

22ാമത്തെ ടേക്ക് ഓക്കെയായി. ഇതെല്ലാം കഴിഞ്ഞ് എഡിറ്റിങ്ങ് കഴിഞ്ഞപ്പോള്‍ അന്‍വര്‍ എന്നെ വിളിച്ച്, മച്ചാ അത് നമ്മുടെ സിനിമക്ക് ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ട് എഡിറ്റ് ചെയ്ത് കളയുകയാണ്, അളിയന്‍ വിഷമിക്കണ്ട നമുക്ക് വേറൊരു പടത്തില്‍ ചെയ്യാം, എന്ന് പറഞ്ഞു.

അദ്ദേഹത്തിന്റെ അടുത്ത പടം അണ്ണന്‍തമ്പിയില്‍ ഒരു മുഴുനീള വേഷം കിട്ടി. അതില്‍ എന്റെ മകനെയും അഭിനയിപ്പിച്ചു,” സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu about an experience while the shooting of Rajamanikyam movie