| Sunday, 20th October 2024, 4:10 pm

ജീവിതത്തില്‍ ആദ്യമായി അങ്ങനൊരു സീന്‍ ചെയ്യുന്നത് ആ തമിഴ് സിനിമയിലാണ്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളില്‍ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച സുരാജ് 2013ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. പിന്നീട് ആക്ഷന്‍ ഹീറോ ബിജുവിലെ രണ്ട് സീന്‍ മാത്രമുള്ള കഥാപാത്രത്തിലൂടെ സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച സുരാജ് പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ട്രാക്ക് മാറ്റി.

വിക്രം നായകനാകുന്ന വീര ധീര സൂരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കുകയാണ് സുരാജ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തില്‍ താനും വിക്രമും എസ്.ജെ. സൂര്യയുമുള്ള സിംഗിള്‍ ഷോട്ട് സീന്‍ ഉണ്ടെന്നും 18 മിനിറ്റാണ് ആ സീനിന്റെ ദൈര്‍ഘ്യമെന്നും സുരാജ് പറഞ്ഞു. ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടയില്‍ അങ്ങനെയൊരു സീന്‍ താന്‍ ചെയ്തിട്ടില്ലെന്നും സിനിമയില്‍ ഏറ്റവും മികച്ച സീന്‍ അതാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

ആ സെറ്റില്‍ എപ്പോഴും വിക്രം തന്നെ കംഫര്‍ട്ടാക്കി വെക്കാറുണ്ടെന്നും അതൊരു പുതിയ അനുഭവമായിരുന്നെന്നും സുരാജ് പറഞ്ഞു. തനിക്ക് വെട്ട് കിട്ടുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കൈയില്‍ പാഡ് വെച്ചിട്ടില്ലായിരുന്നെന്നും അത് കണ്ടിട്ട് വിക്രം അസിസ്റ്റന്റുകളെ വിളിച്ച് ആ കാര്യം ശരിയാക്കിയെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. അതുപോലെ മധുരൈ സ്ലാങ് തനിക്ക് കിട്ടാതെ വരുമ്പോള്‍ വിക്രം തന്നെ സഹായിക്കാറുണ്ടായിരുന്നെന്നും സുരാജ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.

‘വീര ധീര സൂരന്‍ ഗംഭീര പരിപാടിയാണ്. എസ്.ജെ. സൂര്യ സാര്‍ ഈയിടക്ക് അതിനെപ്പറ്റി പറഞ്ഞിരുന്നല്ലോ. ആ പടത്തില്‍ 18 മിനിറ്റ് വരുന്ന ഒരു സംഗിള്‍ ഷോട്ട് സീനുണ്ട്. ജീവിതത്തില്‍ അതുപോലൊരു പരിപാടി ഞാന്‍ ചെയ്തിട്ടില്ല. നമ്മളെ സംബന്ധിച്ച് അതൊന്നും മുമ്പ് കാണാത്ത പരിപാടിയാണ്. വിക്രം സാര്‍ ആ സെറ്റില്‍ എന്നോട് നല്ല കമ്പനിയായിരുന്നു.

എനിക്ക് ആ മധുരൈസ്ലാങ് കിട്ടാതെ വരുമ്പോഴൊക്കെ പുള്ളി നല്ലോണം ഹെല്‍പ് ചെയ്യുമായിരുന്നു. മലയാളത്തിലാണ് പുള്ളി എന്നോട് സംസാരിച്ചിരുന്നത്. അതിലെ ഒരു സീനില്‍ എനിക്ക് വെട്ട് കിട്ടുന്ന ഷോട്ട് ഉണ്ടായിരുന്നു. ഷോട്ടിന് മുമ്പ് കൈയില്‍ പാഡ് വെക്കണമായിരുന്നു. എന്റെ കൈയില്‍ പാഡില്ലെന്ന് കണ്ട് വിക്രം സാര്‍ അസിസ്റ്റന്റ്‌സിനെ വിളിച്ച് എല്ലാം ഓക്കെയാക്കിയ ശേഷമാണ് ഷോട്ടെടുത്തത്,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu about a single shot scene in Veera Dheera Sooran movie

We use cookies to give you the best possible experience. Learn more