മമ്മൂക്കയും ലാലേട്ടനുമൊക്കെ ഉള്ളപ്പോള്‍ ഇത് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ സാധിച്ച നടനാണ് അദ്ദേഹം: സുരാജ്
Entertainment
മമ്മൂക്കയും ലാലേട്ടനുമൊക്കെ ഉള്ളപ്പോള്‍ ഇത് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ സാധിച്ച നടനാണ് അദ്ദേഹം: സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 6:12 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ ഫാസിലിന്റെ സംവിധാനത്തിലെത്തിയ അനിയത്തിപ്രാവിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തുന്നത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു അനിയത്തിപ്രാവ്.

ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ സുധി എന്ന കഥാപാത്രത്തിന് യുവ പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് തന്നെ സ്വീകാര്യത ലഭിച്ചു. 2000ങ്ങളുടെ തുടക്കത്തില്‍ വന്ന സിനിമകളിലൂടെ ചോക്ലേറ്റ് ബോയ് എന്ന ടാഗും താരത്തിന് കിട്ടി.

ഇപ്പോള്‍ വളരെ വ്യത്യസ്തമായ സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി എത്തുന്നത്. അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍. സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.

‘ഞങ്ങള്‍ ഒരുമിച്ച് ഇപ്പോള്‍ 27 പടങ്ങളായി. നമ്മളൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള പുള്ളിയുടെ എന്‍ട്രി. മമ്മൂക്ക – ലാലേട്ടന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഉള്ളപ്പോള്‍ തന്നെ ഇത് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്.

നമ്മളുടെ വീട്ടിലെ ആളെന്നോ നമ്മളുടെ ചാക്കോച്ചനെന്നോ ആളുകളെ കൊണ്ട് തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തുടക്കത്തിലെ പടങ്ങള്‍ മുതല്‍ ചോക്ലേറ്റ് പയ്യനെന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ സമീപകാലത്തുള്ള ചാക്കോച്ചന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കാണാം. ഒരിക്കലും ചാക്കോച്ചന്‍ ചെയ്യില്ലെന്ന് തോന്നിയിട്ടുള്ള വേഷങ്ങളാണ് ചിലതൊക്കെ.

ഇനി ഒരുപാട് സാധ്യതകളുള്ള നടനാണ് അദ്ദേഹം. കൂടെയുള്ള സുഹൃത്തെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും ഏറെ അഭിമാനമുള്ള കാര്യമാണ്. ചാക്കോച്ചന്റെ സിനിമ കണ്ടാണ് ഞങ്ങള്‍ സ്‌പ്ലെന്‍ഡറ് പോലും എടുക്കുന്നത്. അതായിരുന്നു ഞങ്ങള്‍ക്ക് അന്ന് കിക്ക്. നമ്മളെ കൊണ്ട് സ്‌പ്ലെന്‍ഡര്‍ എടുപ്പിച്ച നടനാണ്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramood Talks About Kunchacko Boban