| Wednesday, 21st December 2022, 9:31 pm

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ രംഗം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച രീതിയിലുള്ള പെര്‍ഫോമന്‍സായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്.

ചിത്രത്തിലെ ഹോട്ടല്‍ സീനിനെക്കുറിച്ച് പറയുകയാണ് സുരാജ്. ആ സീന്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും പുറത്ത് നിന്ന് നോക്കുമ്പോള്‍ ഭാര്യയെ പുകഴ്ത്തി സംസാരിക്കും എന്നാല്‍ അത്തരം പെരുമാറ്റമല്ല നേരിട്ട് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഡൂള്‍ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തിലാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെ പറ്റി സുരാജ് സംസാരിച്ചത്.

”ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന സീന്‍ ഞാന്‍ നേരിട്ട് കണ്ടതാണ്. ഇതുപോലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചപ്പോഴാണ് അന്ന് കണ്ടത്. ആരാണെന്ന് ഞാന്‍ പുറത്ത് പറയുന്നില്ല. അതുപോലെ ഒരാള്‍ ഭാര്യയോട് സംസാരിക്കുന്നത് ഞാന്‍ ലൈവ് കണ്ടതാണ്.

നമുക്കിടയില്‍ ആരും അതിനെക്കുറിച്ച് അറിയുന്നില്ല. നമ്മള്‍ പുറത്തൊക്കെ പോകുമ്പോള്‍ പതുക്കെ പറയില്ലെ, അതായത് നമുക്ക് ഒരു കാര്യത്തെക്കുറിച്ച് പറയുകയും വേണം എന്നാല്‍ ആരും കേള്‍ക്കാനും പാടില്ല. അതുപോലെയാണ് ആ ഭര്‍ത്താവ് സംസാരിച്ചത്.

പുറത്ത് നിന്ന് നോക്കുമ്പോള്‍ ഭാര്യയെക്കുറിച്ച് വല്ലാതെ സംസാരിക്കും. ഭാര്യ പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാണെന്നൊക്കെ പറയും. പക്ഷെ അവളോട് പെരുമാറുന്നത് നേരെ തിരിച്ചായിരിക്കും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഞാന്‍ ഒരു വില്ലന്‍ കഥാപാത്രമായിരുന്നു,” സുരാജ് പറഞ്ഞു.

റോയ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സുരാജിന്റെ ചിത്രം. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒമ്പതിന് സോണി ലീവിലാണ് സ്ട്രീമിങ് ആരംഭിച്ചത്. ഒരു നോവലിസ്റ്റിന്റെ തിരോധാനവും അയാളെ അന്വേഷിച്ച് പോകുന്ന മാധ്യമ പ്രവര്‍ത്തകയെ കാണാതാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സിജ റോസ് നായികയായ ചിത്രത്തില്‍ വി.കെ. ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഡോ. റോണി ഡേവിഡ്, ജിന്‍സ് ബാസ്‌കര്‍, വിജീഷ് വിജയന്‍, റിയ സൈറ, അഞ്ജു ജോസഫ്, ബോബന്‍ സാമുവല്‍, ആനന്ദ് മന്മഥന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: suraj venjaramood talks about grat indian kitchen hotel scene

We use cookies to give you the best possible experience. Learn more