ആ സമയത്ത് 'ശശികല ചാർത്തിയ' എന്ന പാട്ട് കേൾക്കുന്നതിനേക്കാൾ ദേഷ്യം മറ്റൊന്നിനോടും ഇല്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്
Entertainment
ആ സമയത്ത് 'ശശികല ചാർത്തിയ' എന്ന പാട്ട് കേൾക്കുന്നതിനേക്കാൾ ദേഷ്യം മറ്റൊന്നിനോടും ഇല്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th July 2024, 1:51 pm

ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറാൻ സുരാജിന് കഴിഞ്ഞു. കോമഡി വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച സുരാജ് മെല്ലെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്.

മികച്ച നടനുള്ള നാഷണൽ അവാർഡ് അടക്കം നേടാൻ സുരാജിന് കഴിഞ്ഞു. സിനിമയിൽ വരുന്നതിന് മുമ്പ് സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിരുന്ന നാളുകളെ കുറിച്ച് ഓർക്കുകയാണ് സുരാജ്.

ഓണക്കാലത്തെല്ലാം ഒരു ദിവസം നാല് പരിപാടികൾ ഉണ്ടാവുമായിരുന്നുവെന്നും അന്നെല്ലാ പരിപാടികൾക്കും കുട്ടികൾ അവതരിപ്പിക്കുന്ന ഡാൻസിന്റെ പാട്ട് ശശികല ചാർത്തിയ ദീപ വലയം എന്ന ഗാനമായിരുന്നുവെന്നും സുരാജ് പറയുന്നു.

ആ പാട്ട് കാരണം പലവട്ടം തങ്ങളുടെ പരിപാടികൾ വൈകിയിട്ടുണ്ടെന്നും തനിക്ക് ഏറ്റവും ദേഷ്യം തോന്നിയിരുന്ന പാട്ടാണ് അതെന്നും സുരാജ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഓണമൊക്കെ ഉണ്ടാവുമ്പോൾ നാല് പരിപാടിയൊക്കെ ഒരു ദിവസം അടുപ്പിച്ചിട്ട് ഉണ്ടാവും. അവസാനം നമ്മൾ ഒന്നരക്കാണ് പരിപാടി അവതരിപ്പിച്ചതെങ്കിൽ ചിലപ്പോൾ ഒരു മണിക്കൂറൊക്ക വൈകിയാവും അടുത്ത പരിപാടിക്ക് എത്തുക.

അന്ന് ഒരു പാട്ടുണ്ടായിരുന്നില്ലേ, ശശികല ചാർത്തിയ ദീപ വലയം, ആ പാട്ട് എല്ലാവരെയും പോലെ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. ആ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് രസമാണ്. പക്ഷെ ആ സമയത്ത് എനിക്ക് ശശികലയെന്ന പാട്ട് കേൾക്കുമ്പോൾ ഇതിൽപ്പരം ദേഷ്യം ഇല്ലായിരുന്നു.

കാരണം ഓരോ സ്ഥലത്ത് പരിപാടിക്ക് ചെല്ലുമ്പോൾ അവിടെ അമ്മമാർ കുട്ടികളെയും കൊണ്ട് നിൽക്കുന്നുണ്ടാവും. ഒരു അഞ്ച് ശശികല ഒരു സ്ഥലത്ത് ഉണ്ടാവും. പിള്ളേരുടെ ഡാൻസ് കഴിയുമ്പോൾ ഞങ്ങളുടെ പരിപാടി വീണ്ടും വൈകും. അത് അടുത്ത സ്ഥലത്ത് വൈകാൻ കാരണമാവും. എല്ലാ സ്ഥലത്തും ശശികല പാട്ടിന്റെ ഒരു ഓളം ആയിരുന്നു,’സുരാജ് പറയുന്നു.

Content Highlight: Suraj Venjaramood Talk About Sasikala Charthiya Deepavalayam Song