മമ്മൂക്കയും ലാലേട്ടനും തകർത്താടുമ്പോൾ നമുക്കിടയിൽ നിന്ന് വന്ന്, ഇന്ന് ഞെട്ടിക്കുന്ന നടനാണ് അദ്ദേഹം: സുരാജ്
Entertainment
മമ്മൂക്കയും ലാലേട്ടനും തകർത്താടുമ്പോൾ നമുക്കിടയിൽ നിന്ന് വന്ന്, ഇന്ന് ഞെട്ടിക്കുന്ന നടനാണ് അദ്ദേഹം: സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th July 2024, 8:46 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ ഫാസിലിന്റെ സംവിധാനത്തിലെത്തിയ അനിയത്തിപ്രാവിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തുന്നത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു അനിയത്തിപ്രാവ്.

ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ സുധി എന്ന കഥാപാത്രത്തിന് യുവ പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് തന്നെ സ്വീകാര്യത ലഭിച്ചു. 2000ങ്ങളുടെ തുടക്കത്തില്‍ വന്ന സിനിമകളിലൂടെ ചോക്ലേറ്റ് ബോയ് എന്ന ടാഗും താരത്തിന് കിട്ടി.

എന്നാൽ ഇന്ന് വ്യത്യസ്ത കഥാപാത്രം തേടിപിടിച്ച് ചെയ്യുന്ന മികച്ച നടനാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് നടൻ സുരാജ്. 27 സിനിമകളിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചെന്നും ചോക്ലേറ്റ് ഹീറോയിൽ നിന്ന് ഏതുവേഷവും ചെയ്യുന്ന തലത്തിലേക്ക് കുഞ്ചാക്കോ ബോബൻ ഉയർന്നെന്നും സുരാജ് പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

’27 സിനിമകളിൽ ഞാനും ചാക്കോച്ചനും ഒന്നിച്ച് അഭിനയിച്ചു. മാത്രമല്ല ഞാനൊക്കെ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പുള്ളിയുടെ സിനിമയിലേക്കുള്ള എൻട്രി.

മമ്മൂക്ക, ലാലേട്ടൻ അങ്ങനെ പ്രതിഭകൾ ഉള്ളപ്പോൾ തന്നെ, ഇത് നമ്മുടെ ആള്, നമ്മുടെ ചാക്കോച്ചൻ എന്നൊരു റിലേഷൻ ആ സിനിമ ഇറങ്ങിയപ്പോൾ എല്ലാവർക്കും ഉണ്ടായി. അത് ഇതുവരെ മാറിയിട്ടില്ല. അതാണ് ചോക്ലേറ്റ് ഹീറോ.

പിന്നീട് സമീപകാലത്തുള്ള സിനിമകളിൽ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. ഒരിക്കലും ഇത് ചാക്കോച്ചൻ ചെയ്യില്ല എന്ന് വിചാരിക്കുന്ന കഥാപാത്രങ്ങൾ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഇനിയും ഒരുപാട് ഒരുപാട് സാധ്യതകളുള്ള ഒരു നടനായി മാറിയിരിക്കുകയാണ് പുള്ളി.

കൂടെയുള്ള എന്റെ സുഹൃത്ത് എന്ന രീതിയിൽ, നമ്മുടെ ഒരു സഹോദരൻ എന്ന നിലയിൽ എനിക്ക് വലിയ അഭിമാനം കൂടിയാണ്. കാരണം നമ്മുടെ ഗ്രൂപ്പിൽ നിന്നാണ് പുള്ളി ഉയർന്ന് വന്നത്. അനിയത്തിപ്രാവ് കണ്ടിട്ടാണ് ഞാൻ സ്‌പ്ലെൻഡർ ബൈക്ക് വരെ എടുക്കുന്നത്,’സുരാജ് പറയുന്നു.

 

Content Highlight: Suraj Venjaramood Talk About Kunchacko Boban