ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറാൻ സുരാജിന് കഴിഞ്ഞു. കോമഡി വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച സുരാജ് മെല്ലെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്.
മികച്ച നടനുള്ള നാഷണൽ അവാർഡ് അടക്കം നേടാൻ സുരാജിന് കഴിഞ്ഞു. എന്നാൽ കുറച്ച് നാളായി നല്ലൊരു കോമഡി റോളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. തന്നോട് പലരും അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും തനിക്കും ആഗ്രഹമുണ്ടെന്നും സുരാജ് പറയുന്നു.
എന്നാൽ തന്റെ പുതിയ ചിത്രം ഗർർർ അത്തരത്തിൽ ഒരു സിനിമയാണെന്നും ചിത്രത്തിൽ ഒരുപാട് ചിരിക്കാനുണ്ടെന്നും സുരാജ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘ഈ ചിത്രത്തിന്റെ കഥ തൊട്ട് രസകരമായിട്ടാണ് പോവുന്നത്. സിറ്റുവേഷണൽ കോമഡിയിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആളുകൾ ചോദിക്കുന്നുണ്ട് എന്തുകൊണ്ട് സുരാജ് കോമഡി ചെയ്യുന്നില്ലെന്ന്.
എനിക്ക് ആഗ്രഹമുണ്ട് പക്ഷെ അതിന് പറ്റിയ സാധനം വന്നില്ല. എന്നാൽ ഇത് കറക്റ്റ് നമ്മുടെ പഴയ ടീമാണ്. പൊളിച്ച് അടക്കിയിട്ടുണ്ട്. എന്റെ ലെയർ മാത്രമല്ല കോമഡി. ഒരുപാട് ലെയറുണ്ട്. ഒരുപാട് സാഹചര്യങ്ങളിലൂടെയൊക്കെ വരുന്നുണ്ട്.
ഞങ്ങൾക്ക് രാവിലെ തൊട്ട് വൈകുന്നേരം വരെ അഭിനയിക്കാൻ ഉണ്ടാവും എന്നാൽ സിംഹത്തിന് ആകെ രണ്ട് മണിക്കൂർ മാത്രേമേയുള്ളൂ. നമ്മുടെ കൂടെ നടക്കുന്ന മേക്കപ്പ് മാന്റെ കയ്യിൽ കണ്ണാടിയും കാര്യങ്ങളുമൊക്കെയാണുള്ളത്. എന്നാൽ പുള്ളിയുടെ കൂടെയുള്ള ആളുടെ കയ്യിൽ തോക്കാണ് ഉള്ളത്. പടത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് മനസിലായത് അയാൾക്ക് രക്ഷപെടാൻ വേണ്ടി വെച്ചതാണെന്ന്(ചിരി), സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramood Talk About His New Movie Grrr