| Monday, 29th July 2024, 3:48 pm

ഇവനെങ്ങനെ ദേശീയ അവാർഡ് കിട്ടിയെന്ന് അന്നവർ കരുതി, ആ തോന്നൽ മാറിയത് ഒരൊറ്റ ചിത്രത്തിലൂടെ: സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറാൻ സുരാജിന് കഴിഞ്ഞു. കോമഡി വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച സുരാജ് മെല്ലെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്.

മികച്ച നടനുള്ള നാഷണൽ അവാർഡ് അടക്കം നേടാൻ സുരാജിന് കഴിഞ്ഞു. എന്നാൽ ആക്ഷൻ ഹീറോ ബിജുവിലെ തന്റെ പ്രകടനത്തിന് ശേഷമാണ് ആളുകൾ തന്റെ നാഷണൽ അവാർഡ് അംഗീകരിച്ചതെന്ന് പറയുകയാണ് സുരാജ്. ആദ്യമൊന്നും സിനിമയുടെ സ്ക്രിപ്റ്റ് തനിക്ക് കിട്ടാറില്ലായിരുന്നുവെന്നും എന്നാൽ ആക്ഷൻ ഹീറോ ബിജുവിന് ശേഷം തനിക്ക് തിരക്കഥ വായിക്കാൻ കിട്ടാറുണ്ടെന്നും സുരാജ് പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആക്ഷൻ ഹീറോ ബിജുവിനൊക്കെ ശേഷമാണ് സ്വന്തമായി സ്ക്രിപ്റ്റൊക്കെ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. സത്യത്തിൽ ആദ്യമൊന്നും എനിക്കൊന്നും സ്ക്രിപ്റ്റ് കിട്ടില്ലായിരുന്നു.

ജോഷി സാറിന്റെ ഒരു പടത്തിൽ ചെന്നിട്ട് എനിക്ക് സ്ക്രിപ്റ്റ് താ നോക്കട്ടെയെന്ന് പറഞ്ഞാൽ, എന്താടെ പോടെയെന്നെ പറയുകയുള്ളൂ. ചിലപ്പോൾ അങ്ങനെ പറയില്ലായിരിക്കും. ചോദിക്കാൻ പാടുണ്ടോ എന്നാണ് നമുക്കുള്ള ഒരു ധാരണ.

അങ്ങനെയൊരു പേടി ആ സമയത്തൊക്കെ ഉണ്ടായിരുന്നു. പിന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടി. അപ്പോഴും ഒരു ഞെട്ടൽ ആയിരുന്നു. ഇത് എന്തിനാണ് ഇവന് കൊടുത്തത് എന്ന് ചിലർ കരുതി. എനിക്കും സംശയം ഉണ്ടായിരുന്നു. അതുപോലെ തന്നെയായിരുന്നു സംസ്ഥാന അവാർഡ്.

ഞാൻ അഭിനയിച്ച ആ ചിത്രം അന്ന് ജനങ്ങളിലേക്ക് എത്തിയില്ല. അതുകൊണ്ട് തന്നെ എനിക്ക് അവാർഡ് കിട്ടിയത് അവർ പെൻഡിങ്ങിൽ വെച്ചിരുന്നു. പിന്നെ ആക്ഷൻ ഹീറോ ബിജു ഇറങ്ങിയപ്പോഴാണ് പ്രേക്ഷകർ എനിക്ക് നാഷണൽ അവാർഡ് തന്നത്. പിന്നെ എനിക്ക് പ്രധാന കഥാപാത്രങ്ങളൊക്കെ വന്ന് തുടങ്ങി. ആളുകളും അപ്പോൾ തിരിച്ചറിയാൻ തുടങ്ങി,’സുരാജ് പറയുന്നു.

Content Highlight: Suraj Venjaramood Talk About His National Award

Latest Stories

We use cookies to give you the best possible experience. Learn more