| Monday, 24th June 2024, 8:39 am

നമ്മൾ കണ്ടത് ഒന്നുമല്ലായിരുന്നു ഇനിയാണ് അദ്ദേഹം ഞെട്ടിക്കേണ്ടിയിരുന്നത്, പക്ഷേ..: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞകാലം കൊണ്ട് മലയാള സിനിമയ്ക്ക് തന്റേതായ മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് സച്ചി. സച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകളെല്ലാം വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത അദ്ദേഹം അവയിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയിരുന്നു. 2020 ൽ അദ്ദേഹം ലോകത്തോട് വിടപറയുമ്പോൾ ‘വിലായത്ത് ബുദ്ധ’ എന്ന തന്റെ സിനിമ ബാക്കിയാക്കിയായിരുന്നു യാത്ര പറഞ്ഞത്.

സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താൻ സച്ചിയെ പരിചയപ്പെടുന്നതെന്നും അടുത്തിരുന്നാൽ ഒരുപാട് ഞെട്ടിക്കുന്ന കഥകൾ പറയുമെന്നും സുരാജ് പറയുന്നു. ഇനിയും കുറെ ആശയങ്ങൾ ഉണ്ടായിരുന്ന മനുഷ്യനായിരുന്നു സച്ചിയെന്നും സുരാജ് കൂട്ടിച്ചേർത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഷാഫി സാറിന്റെ മേക്കപ്പ് മാൻ എന്ന ചിത്രത്തിലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്നു മുതൽ നല്ല സൗഹൃദമായിരുന്നു. സിനിമയെക്കുറിച്ചും കഥകളെക്കുറിച്ചും ധാരാളം സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ കെട്ടുകണക്കിനാണ് കഥ. അടുത്തു ചെന്നിരുന്നാൽ 10 മിനിറ്റിൽ ഞെട്ടിക്കുന്ന കഥകൾ പറയും. ഇനി ആയിരുന്നു അദ്ദേഹം ഞെട്ടിക്കേണ്ടിരുന്നത്. ഈ കാണുന്നത് ഒന്നുമല്ലായിരുന്നു. ഗംഭീര ആശയങ്ങൾ ഉള്ള മനുഷ്യനായിരുന്നു,’സുരാജ് പറയുന്നു.

എല്ലാം തുറന്ന് പറയുന്ന ആളായിരുന്നു സച്ചിയെന്നും അദ്ദേഹം ഒരു ബ്രില്ല്യന്റ് റൈറ്ററാണെന്നും ബിജുമേനോനും കൂട്ടിച്ചേർത്തു.

‘അവനായിരുന്നു മനുഷ്യൻ. ട്രൂ മാൻ എല്ലാം തുറന്നു പറയും. ചിലപ്പോ ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ല.

ഉദാഹരണത്തിന് ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡിൽ നിന്ന് കോർത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവർത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യൻസാണ്. സച്ചിയെ തീർച്ചയായും മിസ് ചെയ്യും,’ബിജു മേനോൻ പറയുന്നു.

Read Moreആ രണ്ട് ചിത്രങ്ങളും അടുപ്പിച്ച് റിലീസായിട്ടും സ്വീകരിക്കപ്പെട്ടത് അവന്റെ എഴുത്തിന്റെ ബ്രില്യൻസ് കൊണ്ടാണ്: ബിജു മേനോൻ

Read Moreക്രൈം സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ആളാണ്, പക്ഷെ ആ കേസ് എന്നെ ശരിക്കും പേടിപ്പിച്ചു: ക്രിസ്റ്റോ ടോമി

Content Highlight: Suraj Venjaramood Talk About Director Sachy

We use cookies to give you the best possible experience. Learn more