ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മുഴുനീള വേഷത്തിൽ ഒന്നിക്കുന്ന ചിത്രമാണ് നടന്ന സംഭവം. വിഷ്ണു നാരായണിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.
ഫാമിലി- കോമഡി ഴോണറില്‍ വരുന്ന സിനിമയില്‍ ബിജു മേനോന്‍ ഉണ്ണി എന്ന കഥാപാത്രമായും സുരാജ് അജിത്ത് എന്ന കഥാപാത്രമായുമാണ് എത്തുന്നത്. ബിജു മേനോനോടടൊപ്പം മുമ്പ് അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുരാജ്.
അന്യർ എന്ന ചിത്രത്തിലാണ് താൻ ആദ്യമായി ബിജു മേനോനോടൊപ്പം ആദ്യമായി അഭിനയിച്ചതെന്നും എന്നാൽ അതിൽ താൻ മമ്മൂട്ടിയുടെ ഡ്യൂപ്പിന്റെ വേഷത്തിലായിരുന്നുവെന്നും സുരാജ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘അന്യർ എന്ന ലെനിൻ രാജേന്ദ്രൻ സിനിമയിലാണ് ഞങ്ങൾ ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. അതിൽ കോമ്പിനേഷൻ ഇല്ല. മമ്മൂക്കയുടെ ഡ്യൂപ്പിൻ്റെ വേഷത്തിൽ വരുന്ന ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.
രസികൻ, ട്വന്റി ട്വൻ്റി, കാര്യസ്‌ഥൻ, മായാമോഹിനി, മധുരനാരങ്ങ അങ്ങനെ കുറെയെറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സീനിയേഴ്‌സിലെ കോമ്പിനേഷനാണ് ശ്രദ്ധിക്കപ്പെട്ടത്.
ബിജു ചേട്ടന്റെ പ്രത്യേകതയെന്നു പറയുന്നത് കഥകളാണ്. മിമിക്രി ചെയ്യുന്നതു കൊണ്ട് ഞാനാകും ആളുകളെ ഏറ്റവും രസിപ്പിക്കുക എന്നാണു ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ല. ബിജുച്ചേട്ടന്റെ കൂടെ ഇരിക്കുമ്പോൾ ഫുൾ ടൈം ചിരിയാണ്. സിനിമ കഴിഞ്ഞാലും അദ്ദേഹത്തിന്റെ കൂടെ അങ്ങ് പോവും,’സുരാജ് പറയുന്നു.
Content Highlight: Suraj venjaramood Talk About Biju Menon