| Wednesday, 31st May 2023, 8:21 pm

നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല: സുരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റ് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുക. നീതിയുടെ സാക്ഷികള്‍ ആകുക,’ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും രംഗത്ത് എത്തിയിരുന്നു. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടായെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം ഗുസ്തി താരങ്ങളെ പിന്തുണച്ച് എത്തിയത്.

‘അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട. പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ,’എന്നായിരുന്നു താരം പറഞ്ഞത്.

നേരത്തെ നടി അപര്‍ണാ ബാലമുരളിയും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.

‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണ്’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ അന്ന് അപര്‍ണ കുറിച്ചത്. വൈകിയ നീതി, അനീതി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു അപര്‍ണ സ്റ്റോറി പങ്കുവെച്ചത്.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മലയാളി കായിക താരങ്ങളായ സി.കെ. വിനീതും ടോം ജോസഫും എത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറായ സി.കെ. വിനീത് പറഞ്ഞിരുന്നു.

CONTENTHIGHLIGHT: suraj venjaramood support protesting wrestlers

We use cookies to give you the best possible experience. Learn more