| Sunday, 23rd October 2022, 11:31 pm

ഞാന്‍ കറങ്ങി വീണ ഒറ്റ ഷോട്ടില്‍ അവന്‍ വീണില്ല, വീണാല്‍ തല ഇടിക്കുമെന്ന് എനിക്ക് പേടി ഉണ്ടെന്ന് പറഞ്ഞ് മുകളില്‍ മുറുകെ പിടിച്ച് ഫഹദ് നിന്നു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂര്‍ ആണ്.

ചിത്രത്തിലെ ഫഹദുമായുള്ള അനുഭവം ഓര്‍ത്ത് പറയുകയാണ് സുരാജ്. ഫഹദിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്താണ് ഓര്‍മ വരാളുള്ളതെന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു സുരാജ് മറുപടി പറഞ്ഞത്. മൈല്‍ സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഫഹദിനെക്കുറിച്ച് പറഞ്ഞത്.

”തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ഞാനും ഫഹദും തമ്മിലുള്ള ഒരു ഫൈറ്റ് സീനുണ്ട്. മുകളില്‍ നിന്ന് വെള്ളത്തിലേക്ക് വീഴുന്നത്. ഞാന്‍ ഫഹദിനെ പിടിച്ച് ഞങ്ങള്‍ റോള്‍ ചെയ്താണ് വീഴുന്നത്. അന്ന് എന്റെ കൈക്ക് സുഖമില്ലായിരുന്നു.

ഇത് നമ്മളാണോ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ എന്നോട് പറഞ്ഞത് വേണ്ട ഡ്യൂപ്പ് ഉണ്ടാകുമെന്നാണ്. കാരണം ചേട്ടന്റെ കൈക്ക് സുഖമില്ലാലോയെന്ന് അവന്‍ പറഞ്ഞു.

ആ സമയത്താണ് ഡയറക്ടര്‍ ഇത് ഞങ്ങള്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞത്. പക്ഷേ അപ്പോള്‍ ഫഹദ് ഭയങ്കര മോട്ടിവേഷനായിരുന്നു. കുഴപ്പമില്ല ചേട്ട, ഇതൊക്കെ നമുക്ക് ശ്രദ്ധിച്ച് ചെയ്യാമെന്നും ചേട്ടന്‍ കൈ ശ്രദ്ധിച്ചോ ഞാന്‍ എന്നെ ശ്രദ്ധിക്കാമെന്നും അവന്‍ പറഞ്ഞു.

അങ്ങനെ ഷൂട്ട് തുടങ്ങി. റിഹേഴ്‌സല്‍ നോക്കി പാറയില്ല എന്നൊക്കെ ഉറപ്പ് വരുത്തി. ആ സമയത്തെല്ലാം എനിക്ക് ഭയങ്കര മോട്ടിവേഷനാണ് ഫഹദ് തന്നത്. ഞാന്‍ കറങ്ങി കുറേ റോള്‍ ചെയ്ത് വീണു. ഒറ്റ ഷോട്ടാണ്.

ഫഹദ് പക്ഷേ വീണില്ല. വീണാല്‍ തല ഇടിക്കുമെന്ന് എനിക്ക് പേടി ഉണ്ടെന്നും പറഞ്ഞ് മുകളില്‍ മുറുകെ പിടിച്ച് അവന്‍ നിന്നു. ആ സിനിമയില്‍ കൈ സുഖമില്ലാതെ രണ്ട് പ്രാവശ്യം അവന്‍ കാരണം എനിക്ക് വീഴേണ്ടി വന്നിട്ടുണ്ട്. എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. എന്റെ നല്ല സുഹൃത്താണ്,” സുരാജ് പറഞ്ഞു.

അതേസമയം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് സുരാജിന്റെ പുതിയ സിനിമ. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത എം. മുകുന്ദന്റെ കഥകളിലൊന്നായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയതും എം. മുകുന്ദനാണ്. ഒരു ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്ന ചിത്രമാണെന്ന പ്രത്യേകതയും ഓട്ടോറിക്ഷക്കാരന്റെ ഭാര്യക്കുണ്ട്.

content highlight: suraj venjaramood shares an experience with fahadh fasil

We use cookies to give you the best possible experience. Learn more