പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജന ഗണ മനക്കായുള്ള കാത്തിപ്പിലാണ് പ്രേക്ഷകര്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസ് ചെയ്യുന്നത്.
പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. ശരീരം ഫിറ്റാക്കാന്‍ താന്‍ ആദ്യമായി ജിമ്മില്‍ പോയെന്നും സുരാജ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് സിനിമക്ക് പിന്നിലുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘ഓപ്പോസിറ്റ് നില്‍ക്കുന്നത് രാജുവാണ്, ഡിജോ എന്നോട് പറഞ്ഞു ശരീരമൊക്കെ ഒന്ന് മാറ്റിപിടിക്കണമെന്ന്. അങ്ങനെ ജീവിതത്തിലാദ്യമായി ഞാന്‍ ജിമ്മില്‍ കയറി. ജിമ്മില്‍ കയറുന്ന എല്ലാ മഹാന്‍മാര്‍ക്കും അഭിനന്ദനങ്ങള്‍,’ സുരാജ് പറഞ്ഞു.
എന്നാല്‍ മുമ്പുള്ള സിനിമകളിലും നല്ല ട്രിമ്മാരുന്നല്ലോ എന്ന് അവതാരക ചോദിച്ചപ്പോള്‍ അത് ഓടി നടന്ന് സിനിമ ചെയ്യുന്നത് കൊണ്ട് സുരാജിന് സമയത്തിന് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകള്‍ സുരാജ് വെഞ്ഞാറമൂട് ഇല്ലാത്ത സിനിമകള്‍ എന്നിങ്ങനെ രണ്ട് സിനിമകളേ ഇപ്പോള്‍ ഉള്ളൂവെന്നും പറഞ്ഞ പൃഥ്വിരാജ് സുരാജിന്റെ കഥാപാത്രത്തെ പറ്റിയും പറഞ്ഞു.
‘കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഈ കഥ കേള്‍ക്കുകയാണെങ്കില്‍ സുരാജ് ചെയ്ത കഥാപാത്രത്തിലേക്ക് ചിലപ്പോള്‍ ആദ്യം ചിന്തിക്കുന്നത് എന്നെയൊക്കെയായിരിക്കും.
അങ്ങനത്തെ പൊലീസ് ഓഫീസറായിരിക്കും സിനിമയിലേത്. അതുകൊണ്ട് തന്നെ ആ കഥാപാത്രം സുരാജ് ചെയ്യുമ്പോള്‍ കുറച്ച് വ്യത്യാസം ഉണ്ടായിരിക്കുമെന്ന് വിചാരിച്ചു,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്.
Content Highlight: suraj venjaramood says he gone to gym for the first time for jana gana mana