| Thursday, 20th July 2023, 2:07 pm

മണിപ്പൂര്‍ അസ്വസ്ഥത ഉണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു: സുരാജ് വെഞ്ഞാറമൂട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ ബലാത്സംഗം ചെയ്ത്, നഗ്നരാക്കി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂര്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നുവെന്നും സുരാജ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു.
ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, സുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എത്തിയിരുന്നു. വീഡിയോ കണ്ട് ഞെട്ടിപ്പോയെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

‘മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരെയുള്ള വീഡിയോ അരോചകവും ഭയവും ഉണ്ടാക്കുന്നതാണ്. ഇത് പോലൊരു കുറ്റം ചെയ്യാന്‍ ആരും മുതിരാത്ത തരത്തിലുള്ള ശിക്ഷ പ്രതികള്‍ക്ക് ലഭികുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അക്ഷയ് കുമാര്‍ പറഞ്ഞു.

മണിപ്പൂരിലെ സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. സംഭവം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായി ഉണ്ടായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.

അതേസമയം, സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തൗബല്‍ ജില്ലയില്‍ നിന്നുമാണ് ഹെരദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയിരിക്കുന്നത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. കുറ്റവാളികള്‍ക്ക് വധ ശിക്ഷ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രതികരിച്ചു.

Content Highlight: Suraj venjaramood on manipur incident

Latest Stories

We use cookies to give you the best possible experience. Learn more