| Thursday, 8th June 2023, 7:32 pm

ദിലീഷ് പോത്തൻ എന്റെ റോളിന്റെ കാര്യം നോക്കാമെന്ന് പറഞ്ഞിരുന്നു, എന്നാൽ കാസ്റ്റ് അനൗൺസ് ചെയ്തപ്പോൾ വിഷമം തോന്നി: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. താന്‍ ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചും സിനിമയിലേക്കുള്ള യാത്രയെപ്പറ്റിയും സംസാരിക്കുകയാണ് താരം.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയുടെ അനൗൺസ്‌മെന്റ് കണ്ടപ്പോൾ തനിക്ക് ആ ചിത്രത്തിൽ വേഷമില്ലല്ലോ എന്നോർത്ത് വിഷമം തോന്നിയെന്നും പിന്നീട് ദിലീഷ് പോത്തൻ നേരിട്ട് വിളിച്ച് തനിക്ക് വേഷമുണ്ടെന്ന് പറയുകയായിരുന്നെന്നും സുരാജ് പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ദിലീഷ് പോത്തന്റെ സിനിമകളില്‍ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുമുണ്ട്. എന്റെ പുതിയ സിനിമ വരുന്നുണ്ട്, അതില്‍ നോക്കാമെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാന്‍ വേറെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ അനൗണ്‍സ്മെന്റ് കണ്ടത്.

നല്ല പേരാണല്ലേ എന്ന് അവിടെയുള്ള എന്റെ ഒരു സുഹൃത്ത് പറയുകയും ചെയ്തു. ഞാന്‍ അവനോട് ദിലീഷ് പോത്തന്റെ നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചു. അവന്റെ പേര് മണികണ്ഠന്‍ എന്നായിരുന്നു. അവന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി, രാത്രി വിളിക്കാമെന്ന് വിചാരിച്ച് സേവ് ചെയ്ത് വെച്ചു.

ഒരു ഏഴുമണിയായപ്പോള്‍ ഒരു മണിക്കൂര്‍ കൂടി കഴിയട്ടേ എന്ന് ഞാന്‍ വിചാരിച്ചു. വിളിച്ചാല്‍ കുഴപ്പമാകുമോ എന്ന് ആലോചിച്ചു. എന്നിരുന്നാലും ഒരു സീനെങ്കിലും കിട്ടുമല്ലോ എന്ന് വിചാരിച്ച് ഞാന്‍ വിളിക്കാന്‍ വേണ്ടി ഫോണ്‍ എടുത്തു. അപ്പോള്‍ ഉണ്ട് എനിക്ക് ഇങ്ങോട്ട് ദിലീഷിന്റെ കോള്‍.

ഞാന്‍ ദിലീഷ് പോത്തന്‍ ആണ് തൊടുപുഴയില്‍ ഉണ്ട്. ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോഴും ഞാന്‍ വിചാരിക്കുന്നത് പുള്ളി വല്ല സ്‌കൂളിന്റെ ഉദ്ഘാടനത്തിനും വിളിക്കുകയാണെന്നാണ്. ദിലീഷേ നിങ്ങള്‍ എന്തിനാണോ എന്നെ വിളിച്ചത് അത് ഞാന്‍ ചെയ്ത് തരും പക്ഷെ നിങ്ങളുടെ സിനിമയില്‍ ഒരു സീന്‍ എനിക്ക് തരണം എന്ന് ഞാന്‍ പറഞ്ഞു.

പിന്നീട് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പുള്ളി റൂമിലേക്ക് വന്നു. എന്നിട്ട് കുറച്ച് നേരം ഇരുന്ന് സംസാരിച്ചിട്ട് എന്നോട് പറഞ്ഞു അദ്ദേഹത്തിന്റെ സിനിമയിലെ നായകന്‍ ഞാന്‍ ആണെന്ന്. ഇതെല്ലാം സംഭവിച്ച് പോകുന്ന കാര്യങ്ങളാണ് അല്ലാതെ ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല.

അങ്ങനെയൊക്കെ ഭാഗ്യം ആര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ. ഞാന്‍ ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞ് വിളിക്കാം എന്ന് വിചാരിച്ച ആള്‍ എന്നെ വിളിക്കുന്നു. ഞാന്‍ തന്നെ ഞെട്ടിപ്പോയി.

നേരത്തെ പടത്തിന്റെ അനൗണ്‍സ്മെന്റൊക്കെ വന്നത് കുറച്ച് വിഷമിച്ചാണ് ഞാന്‍ കണ്ടിരുന്നത്. പിന്നെ അതില്‍ സൗബിനും ഫഹദുമൊക്കെ ആണെന്നാണല്ലോ പറഞ്ഞിരുന്നത്. പെട്ടെന്ന് ഇങ്ങനെ വന്നപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എന്റെ ജീവിതത്തില്‍ അത് തന്നെയാണ് നടക്കുന്നത്. പ്രതീക്ഷിക്കാത്തത് സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു,’സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

കോമഡി റോളുകൾ ചെയ്തിരുന്നപ്പോൾ ക്യാരക്ടർ റോളുകൾ ചെയ്തുടെ എന്ന ചോദ്യം താൻ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരങ്ങൾ മറ്റുള്ളവരോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോമഡി റോളുകൾ ധാരാളമായി ചെയ്തുകൊണ്ടിരുന്നപ്പോൾ ആളുകൾ എന്നോട് ചോദിച്ചിട്ടും വിമർശിച്ചിട്ടുമുണ്ട് ക്യാരക്ടർ റോളുകൾ ചെയ്‌തൂടെയെന്ന്. നല്ല കഥാപാത്രങ്ങൾ വേണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. അതിന്‌വേണ്ടി ധാരാളം ആളുകളോട് ചോദിച്ചിട്ടും ഉണ്ട്. വിമർശനങ്ങളും നിരൂപണങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. അതിൽ നിന്നാണ് നമ്മൾ നല്ലത് തെരഞ്ഞെടുക്കുന്നത്,’ സുരാജ് പറഞ്ഞു.

Content Highlights: Suraj Venjaramood on Dileesh Pothan

Latest Stories

We use cookies to give you the best possible experience. Learn more