ഭരതന്റെ സംവിധാനത്തില്‍ മലയാളത്തില്‍ വന്ന ക്ലാസിക് സിനിമയാണ് വൈശാലി. ചിത്രത്തില്‍ ബാബു ആന്റണി അവതരിപ്പിച്ച ലോമപാതന്‍ അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ എം.ടി. വാസുദേവന്‍നായരുമൊത്തുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ബാബു ആന്റണി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
‘അത് ഭയങ്കര കോമഡി നിറഞ്ഞ സംഭവമായിരുന്നു. കൃത്രിമമായി മഴ ഉണ്ടായിരുന്നു. ഏകദേശം ആറ് മണിയായി. അപ്പോള്‍ ശരിക്കും മഴ പെയ്തു. ഞാന്‍ ചെറിയൊരു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വിറക്കാന്‍ തുടങ്ങി. രാജ്യമെന്നൊക്കെ പറയുന്നത് ‘രരരര…രാജ്യവും’ എന്നായി. വിറച്ചിട്ട് ഡയലോഗ് വരുന്നില്ല.
എം.ടി. സാര്‍ ക്യാമറയുടെ പിന്നില്‍ നിന്ന് എന്നെ എപ്പോഴും നോക്കുമായിരുന്നു. ഈ നോട്ടം കാണുമ്പോള്‍ തന്നെ എന്റെ ഉള്ള ആത്മവിശ്വാസം പോവും. കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെ കണ്ടില്ല. അപ്പോള്‍ എനിക്ക് സന്തോഷമായി. പുള്ളിയെങ്കിലും പോയല്ലോ. ഡയലോഗ് പറയെടാ, ലൈറ്റ് പോകുന്നുവെന്ന് ഭരതേട്ടന്‍ പറഞ്ഞു. ഭരതേട്ടാ എന്നെക്കൊണ്ട് പപപപ…പറ്റുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.
അപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ തട്ടുന്നു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ വാസുവേട്ടനാണ്. കണ്ണുകൊണ്ട് താഴേക്ക് ആക്ഷന്‍ കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒരു ഗ്ലാസില്‍ റം. എന്നോട് തട്ടിക്കോളാന്‍ പറഞ്ഞു. അത് എടുത്ത് തട്ടി ഡയലോഗ് പറയുകയും ചെയ്തു,’ ബാബു പറഞ്ഞു.
അതുകഴിഞ്ഞ ഏത് സീന്‍ വെച്ചാലും ഇച്ചിരി മഴ വെക്കുകയായിരുന്നെങ്കില്‍ എന്ന് പറയുമെന്നും ഭരതേട്ടന്‍ മൈന്‍ഡ് ചെയ്തില്ലെന്നും സുരാജ് വെഞ്ഞാറമൂട് തമാശയായി ഇതിനോട് കൂട്ടിച്ചേര്‍ത്തു.
Content Highlight: suraj venjaramood funny comment on babu antony