| Wednesday, 25th December 2024, 7:13 pm

ആ വിക്രം ചിത്രത്തിൽ പൃഥ്വിയും ഉണ്ടെന്ന് കരുതിയാണ് ഞാൻ അഭിനയിക്കാൻ പോയത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

വീര ധീര സൂരൻ എന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങാൻ ഒരുങ്ങുകയാണ് സുരാജ്. വിക്രം, എസ്. ജെ സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുരാജും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് സിനിമയിലെ തന്റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

താൻ അഭിനയിക്കുന്ന സിനിമയിൽ പൃഥ്വിരാജും ഉണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്നും എന്നാൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് അത് മറ്റൊരു നടനാണെന്ന് താൻ അറിഞ്ഞതെന്നും സുരാജ് പറയുന്നു. വിക്രത്തിന്റെ അഭിനയത്തെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നാല് പേരുണ്ടെന്ന് പറഞ്ഞു. അച്ഛന്റെ വേഷം ചെയ്യാനുള്ള ആളെ കിട്ടിയിട്ടില്ല, ഉടനെ കിട്ടുമെന്ന് പറഞ്ഞു. പിന്നെ ചെന്നപ്പോൾ എന്നോട് പറഞ്ഞു, അഭിനയിക്കേണ്ടവരെയൊക്കെ കിട്ടിയിട്ടുണ്ടെന്ന്. വിക്രം സാർ, എസ്. ജെ സാർ, സുരാജ് പിന്നെ പൃഥ്വിരാജ് എന്നിവരാണ് താരങ്ങളെന്ന്.

അപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. പക്ഷെ അവിടെ ചെന്നപ്പോഴാണ് മനസിലായത്, അത് തെലുങ്കിലെ ഒരു പൃഥ്വിരാജാണ്. എന്തായാലും തമിഴിൽ നല്ല അനുഭവമായിരുന്നു. വിക്രം സാർ എന്തൊരു മനുഷ്യനാണ്. അന്യൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന് ഡിമാൻഡ് ചെയ്യുന്ന ഒരു വേഷത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആയുസ്സിൽ ചെയ്യാനുള്ളത് മുഴുവൻ അദ്ദേഹം അന്യനിൽ ചെയ്തു. അവർ എല്ലാവരും നല്ല സപ്പോർട്ടാണ്. എസ്. ജെ. സൂര്യ സാർ ആണെങ്കിലും അതുപോലെ വിക്രം സാർ ആണെങ്കിലും,’സുരാജ് പറയുന്നു.

ഈയിടെ ഇറങ്ങിയ വീര ധീര സൂരൻ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 2025 ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Suraj Venjaramood About Veera Dhoora Sooran Movie

We use cookies to give you the best possible experience. Learn more