| Friday, 13th May 2022, 1:48 pm

അതിഥിയ്ക്ക് ഒരേ നിര്‍ബന്ധം ലിപ് ലോക്ക് വേണമെന്ന്, ഞാന്‍ പറഞ്ഞു പറ്റില്ലെന്ന്; തഗ്ഗ് കമന്റുകളുമായി സുരാജും അതിഥിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് എം. പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പത്താം വളവ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.

ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായാണ് അതിഥി വേഷമിട്ടത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ചില ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടായിരുന്നെന്നും അതില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് പേടിയൊക്കെ തോന്നിയെന്നുമായിരുന്നു അതിഥി പറഞ്ഞത്.

ഒരു കിസ്സിങ് സീനില്‍ പറയുകയാ അമ്മ വഴക്കുപറയുമെന്ന് എന്നായിരുന്നു ഇതിനോടുള്ള സുരാജിന്റെ മറുപടി.

ശരിക്കും അങ്ങനെ പറഞ്ഞോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു അതിഥിയുടെ മറുപടി. സുരാജേട്ടനുമായുള്ള സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ‘അയ്യോ വേഗം കട്ട് പറ, അല്ലെങ്കില്‍ അമ്മ വഴക്കുപറയുമെന്ന്’, അതിഥി രവി പറഞ്ഞു. ഇതോടെ അതിഥിയെ കളിയാക്കുകയായിരുന്നു സുരാജ്.

‘പിന്നെ വേറെ ഒരു കാര്യം അതിഥിയ്ക്ക് ഒരേ നിര്‍ബന്ധം ലിപ് ലോക്ക് വേണം, ലിപ് ലോക്ക് വേണം എന്ന്. ഞാന്‍ പറഞ്ഞു അത് ഈ ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന്’ (ചിരി) സുരാജ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഗര്‍ഭിണിയായ സീനൊക്കെ ചെയ്തപ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥയെന്ന ചോദ്യത്തിന് ശരിക്കും ആ ഫീല്‍ തനിക്ക് കിട്ടിയെന്നായിരുന്നു അതിഥിയുടെ മറുപടി.

റിയല്‍ വയറിന്റെ പാഡൊക്കെ വെച്ചാണ് ചെയ്തത്. അതുകൊണ്ട് തന്നെ നമുക്ക് ആ ഭാരമൊക്കെ അറിയുമായിരുന്നു. അവര്‍ വന്ന് പറയും. ഇത് രണ്ട് മാസത്തെ വയറാണ് കേട്ടോ എന്ന്. ഒമ്പതാം മാസത്തില്‍ ആ വെയ്റ്റില്‍ ഉള്ള പാഡാണ് കൊണ്ടുവരിക. അപ്പോള്‍ ഞാന്‍ ശരിക്കും നടുവിന് കൈവെച്ച് ഇരുന്നുപോയി. ഭയങ്കര രസമായിരുന്നു ഷൂട്ട്. വളരെ എന്‍ജോയ് ചെയ്താണ് കഥാപാത്രത്തെ അവതരിപ്പിച്ചത്, അതിഥി രവി പറഞ്ഞു.

പത്താംവളവിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Suraj Venjaramood about Liplock and intimate scenes in Patham valavu movie

We use cookies to give you the best possible experience. Learn more