| Friday, 3rd January 2025, 4:45 pm

ആ സിനിമയുടെയെല്ലാം സ്ക്രിപ്റ്റ് വായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ ഭയമായിരുന്നു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീര ധീര സൂരൻ എന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങാൻ ഒരുങ്ങുകയാണ് സുരാജ്

തന്റെ ജീവിതത്തിൽ ആദ്യമായി വായിച്ച സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്. സിനിമയിൽ എത്തിയ ശേഷം കൂടുതൽ ലഭിച്ചത് കോമഡി വേഷങ്ങളായിരുന്നുവെന്നും അന്നൊന്നും താൻ സ്ക്രിപ്റ്റ് വായിക്കാറില്ലായിരുന്നുവെന്നും സുരാജ് പറയുന്നു. ആദ്യമായി വായിക്കുന്ന തിരക്കഥ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടേതാണെന്നും അത് താൻ സംവിധായകൻ ലാൽജോസിനോട് പറഞ്ഞിട്ടുണ്ടെന്നും സുരാജ് പറഞ്ഞു. ഫ്രീയായിരുന്ന സമയത്ത് ചെയ്ത സിനിമയാണ് പേരറിയാത്തവരെന്നും അതിൽ നാഷണൽ അവാർഡ് കിട്ടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിനിമയില്‍ എത്തിയതിനു ശേഷം കോമഡി വേഷങ്ങളാണ് കൂടുതലും ലഭിച്ചത്. ആ സമയത്ത് തന്നെ നല്ല ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരുന്ന സമയത്താണ് സംവിധായകന്‍ ലാല്‍ ജോസ് സാറിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ മാമച്ചന്‍ എന്നൊരു വേഷം എനിക്ക് കിട്ടിയത്.

അതാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ട് വായിക്കുന്ന സ്‌ക്രിപ്റ്റ്. അതുവരെ സിനിമയില്‍ നമുക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. കാരണം ജോഷി സാറിന്റെയൊക്കെ ട്വന്റി 20 പോലുള്ള സിനിമയില്‍ പോയി സ്‌ക്രിപ്റ്റ് വായിക്കണം എന്ന് എങ്ങനെ പറയും. ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് ചോദിക്കാന്‍ പേടിയായിരുന്നു.

ചോദിച്ചു കഴിഞ്ഞാല്‍ സൈഡ് വേഷം ചെയ്യുന്നവനൊക്കെ സ്‌ക്രിപ്റ്റോ എന്നു പറയുമോ എന്ന തോന്നലായിരുന്നു. ചിലപ്പോള്‍ ചോദിച്ചിരുന്നെങ്കില്‍ തരുമായിരുന്നു. അന്നത്തെ കാലത്തൊന്നും ഞാന്‍ ചോദിക്കില്ല. നമുക്കൊക്കെ പേടിയായിരുന്നു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് ആണ് ഞാന്‍ ആദ്യമായി വായിക്കുന്നത്. അങ്ങനെ സിനിമയുടെ മൊത്തത്തിലുള്ള ഒരു ഐഡിയ എനിക്ക് മനസിലായി തുടങ്ങി. എന്റെ കഥാപാത്രത്തിന്റെ ഡെപ്ത് എന്താണെന്ന് കൂടുതല്‍ എനിക്ക് അറിയാന്‍ സാധിച്ചു.

പിന്നെ ഞാനത് സംവിധായകന്‍ ലാല്‍ജോസ് സാറുമായിരുന്ന് സംസാരിച്ചു. അദ്ദേഹം മാമച്ചന്‍ എന്നത് അമ്പിളി ചേട്ടനെ പോലുള്ള ആളുകളൊക്കെ ചെയ്യേണ്ട നല്ല ഒരു കഥാപാത്രമാണെന്നൊക്കെ പറഞ്ഞപ്പോള്‍ നമുക്ക് വലിയ സന്തോഷം തോന്നി.

ആ ക്യാരക്ടറിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു തന്നു. അതിനു ശേഷമാണ് ഡയറക്ടര്‍ ബിജു കുമാര്‍ വന്ന് പേരറിയാത്തവര്‍ എന്ന സിനിമയുടെ കഥ പറയുന്നത്. അതും ഞാന്‍ നാഷണല്‍ അവാര്‍ഡ് കിട്ടുമൊന്നും വിചാരിച്ചല്ല ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ ഫ്രീയായിരുന്നു അതുകൊണ്ട് ഞാന്‍ പോയി ചെയ്തു,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramood About His Film Career

We use cookies to give you the best possible experience. Learn more