| Monday, 9th May 2022, 2:24 pm

ആ കഥാപാത്രമായി ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന സിനിമയില്‍ സുരാജ് ചെയ്ത് ഹിറ്റായ കഥാപാത്രമായിരുന്നു ദശമൂലം ദാമു. ചുരുക്കം സീനുകളില്‍ മാത്രമാണ് ദശമൂലം ദാമു എത്തുന്നതെങ്കിലും താരത്തിന്റെ ഡയലോഗുകളും കോമഡിയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജിനെ നായകനാക്കി രതീഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഏറെ നാളുകളായി സീരിയസ് റോളുകള്‍ ചെയ്യുന്ന സുരാജിന്റെ കോമഡി ട്രാക്കിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ദശമൂലം ദാമു. ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്.

എത്ര തവണ ആലോചിച്ചിട്ടാണ് ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ വീണ്ടും തയ്യാറായത് എന്ന ചോദ്യത്തിന് താന്‍ ഒരുപാട് തവണ ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നായിരുന്നു സുരാജിന്റെ മറുപടി.

‘നല്ല ടെന്‍ഷനുണ്ട്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്‌കാണ്. കാരണം പ്രേക്ഷകര്‍ക്ക് ഇതില്‍ പ്രതീക്ഷയുണ്ടാകും. അതിനൊത്ത് നമുക്ക് കൊടുക്കാന്‍ പറ്റണം.

പിന്നെ റിസ്‌കെടുക്കാതെ പറ്റില്ലല്ലോ. റിസ്‌കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്‌കില്ല. എങ്ങനെ വേണമെങ്കിലും അവനെ യൂസ് ചെയ്യാം. എന്നാല്‍ അവന്റെ രണ്ടാമത്തെ പടം തൊട്ട് ചലഞ്ചിങ് ആണ്.

എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയരക്ടര്‍ക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള്‍ അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ്. ഷാഫി സാറാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയായിട്ടില്ല.

ഈ വര്‍ഷം ഷൂട്ട് നടക്കും. അടുത്ത വര്‍ഷത്തോടെ റിലീസുണ്ടാകുമെന്നാണ് കരുതുന്നത്. ചെമ്പട്ടില്‍ ജീവിക്കുന്ന കഥാപാത്രമാണോ എന്ന ചോദ്യത്തിന് അങ്ങനെ പൂര്‍ണമായ ഒരു ഐഡിയ പാസ്സ് ചെയ്തിട്ടില്ലെന്നും എങ്കിലും പുതിയൊരു ദശമൂലമായിരിക്കും ഇതെന്ന് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സുരാജിന്റെ മറുപടി.

ഒരു കഥാപാത്രമായിട്ട് ജീവിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് ഏതാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പറയുക ദശമൂലം ദാമുവായിട്ട് ജീവിക്കണമെന്നായിരിക്കുമെന്നും സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramood about his favorite role

We use cookies to give you the best possible experience. Learn more