| Friday, 6th May 2022, 12:58 pm

ഞാന്‍ അന്തംവിട്ട് അങ്ങനെ നോക്കി നിന്നപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു, വരുന്നോ ജസ്റ്റ് ഒരു കമ്പനിക്ക്; ക്യാമറയും കൊണ്ട് നടന്ന ഞാന്‍ ഫോട്ടോ എടുക്കാന്‍ വരെ മറന്നു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനൊപ്പം സിംഗപ്പൂരില്‍ സ്റ്റേജ് ഷോയ്ക്ക് പോയതിന്റെ രസകരമായ അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല കഥകള്‍ താരം പങ്കുവെച്ചത്.

ലാലേട്ടനോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ച് ഒരുപാട് നടന്നിട്ടുള്ളതും എന്നാല്‍ ഒരുമിച്ച് ഒരു ഷോയ്ക്ക് വേണ്ടി സിംഗപ്പൂരില്‍ പോയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നതിനെക്കുറിച്ചുമാണ് സുരാജ് പറയുന്നത്.

”ലാലേട്ടനൊപ്പം ഫോട്ടോ എടുക്കണമെന്നുള്ള ആഗ്രഹത്തില്‍ നടക്കുന്ന സമയത്താണ് 2001ലോ 2002ലോ ഒരു യു.എസ് ട്രിപ്പ് കിട്ടിയത്. അതിനുമുമ്പ് തിരുവനന്തപുരത്ത് ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ക്യാമറയും കൊണ്ട് ഫോട്ടോ എടുക്കാന്‍ പോയിട്ടുണ്ട്. കയറൊക്കെ ഇട്ട് വല്ല വിധേനയും അകത്ത് കയറിയപ്പോള്‍ ലാലേട്ടന്റെ ബാക്ക് വശം കണ്ടു. അദ്ദേഹം ബോംബെയ്ക്ക് പോണം എന്ന് പറഞ്ഞ് അങ്ങ് പോയി. അപ്പോഴും നിരാശ.

യു.എസില്‍ ഒരാഴ്ചത്തെ പ്രോഗ്രാമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍, തിരുവനന്തപുരത്ത് നിന്ന് നടന്‍ നന്ദു ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു, ‘ഡാ ലാലേട്ടന്റെ കൂടെ ഒരു ഷോ ഉണ്ട് സിംഗപ്പൂരില്‍. നിനക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു’. ഞാന്‍ ഓ റെഡി എന്ന് പറഞ്ഞു. ഞാന്‍ സ്പോണ്‍സറുടെ അടുത്ത്, ‘എനിക്ക് അര്‍ജന്റായി വീട്ടില്‍ പോണം, വയ്യ. വീട്ടിലും ഭയങ്കര ഇഷ്യൂ ആണ്,’ എന്ന് പറഞ്ഞു. സ്പോണ്‍സര്‍ ശരി പൊക്കോ എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ അവിടെ നിന്ന് പാക്ക് ചെയ്ത് ഇവിടെ വന്നു. അങ്ങനെ സിംഗപ്പൂര് ഷോയ്ക്ക് ചെന്നു

അവിടെ ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ ഒരു ഓപ്പണ്‍ ലിഫ്റ്റുണ്ട്. അങ്ങനെ ലിഫ്റ്റില്‍ കയറി. ഞാനും ഷൈജു അടിമാലി എന്ന ആക്ടറുമുണ്ടായിരുന്നു.

ആദ്യമായിട്ടായിരുന്നു ഇത്രയും സ്പീഡിലുള്ള ലിഫ്റ്റില്‍ കയറിയത്. ഞാന്‍ പേടിച്ചു പോയി. ഉടനെ മറ്റവനെ വിളിച്ച്, നല്ല രസമുണ്ട് എന്ന് പറഞ്ഞു. മുകളിലോട്ടും താഴേക്കും ലിഫ്റ്റില്‍ ഈ കളി നടന്നുകൊണ്ടിരുന്നപ്പോള്‍ ആരൊക്കെയോ കയറുന്നു, ഇറങ്ങുന്നു. പിന്നെ നോക്കിയപ്പോള്‍ കേറി ഇറങ്ങിപ്പോകുന്നത് ലാലേട്ടനാ. അപ്പോഴും ബാക്ക് വശമേ കണ്ടുള്ളൂ. ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.

അതിന് ശേഷം അന്ന് വൈകുന്നേരം ഷോ ചെയ്യുന്ന സമയത്ത്, കുടിയനായി സ്‌റ്റേജില്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത്, ഞങ്ങള്‍ ഗ്രീന്‍ റൂമില്‍ വന്ന് നില്‍ക്കുകയായിരുന്നു. അപ്പൊ നേരെ ലാലേട്ടന്‍ കയറിവന്നിട്ട്, ‘മോനേ, ഞാന്‍ ഒന്ന് വാഷ്‌റൂമില്‍ പോട്ടെ, ജസ്റ്റ് ഒന്ന് മൂത്രമൊഴിക്കണം,’ എന്ന് പറഞ്ഞു.

ഞാനിങ്ങനെ അന്തം വിട്ട് നില്‍ക്കുകയാണ്. അപ്പൊ എന്നോട്, ‘വരുന്നോ, അല്ല ജസ്റ്റ് ഒരു കമ്പനിക്ക്’ എന്ന് ചോദിച്ചു. ഞാന്‍, അയ്യോ ഇല്ല എന്ന് പറഞ്ഞു.

അദ്ദേഹവുമായി ഫോട്ടോ എടുക്കാന്‍ വേണ്ടി ഈ സാധനവും വെച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അതും മറന്ന് പോയി. ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.

പിന്നെ സത്യന്‍ അന്തിക്കാട് സാറിന്റെ രസതന്ത്രത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പറ്റി. ഒരുപാട് സന്തോഷം തോന്നുന്നു. ഇടയ്ക്ക് എനിക്ക് അത്ഭുതവും തോന്നും. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്.

മിമിക്രിയില്‍ തന്നെ തുടങ്ങിയ ഒരുപാട് ആളുകളുടെയും സുഹൃത്തുക്കളുടെയും സപ്പോര്‍ട്ടുകൊണ്ട് ഇവിടം വരെ എത്തി,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് സുരാജിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമുള്ള നായകവേഷമാണ് സിനിമയില്‍ സുരാജ് ചെയ്യുന്നത്. താരത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

Content Highlight: Suraj Venjaramood about an experience with Mohanlal

We use cookies to give you the best possible experience. Learn more