തിരുവനന്തപുരം: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തെ അപലപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് നടത്തിയ പ്രതികരണം നീക്കം ചെയ്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. സുരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
മണിപ്പൂരിലെ സംഭവം ആയി ബന്ധപെട്ട് താന്‍ പങ്കുവെച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു. ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ എന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മണിപ്പൂര്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു എന്നുമാണ് നേരത്തെ സുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായയിരുന്നു സുരാജിന്റെ പോസ്റ്റ്.
അതേസമയം, സുരാജ് തന്നെ പോസ്റ്റ് നീക്കം ചെയ്തുവെന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തന്നെ വിശദീകരണവുമായെത്തിയത്. പുതിയ വിശദീകരണ പോസ്റ്റിന് താഴെയും ഇക്കൂട്ടര്‍ വിമര്‍ശനവുമായെത്തുന്നുണ്ട്. സുരാജിന്റെ ധൈര്യത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും പുകഴ്ത്തിയും നിരവധി വേര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.
‘മണിപ്പൂര്‍ എന്ന് എഴുതുന്നത് തന്നെ തെറ്റാണ് അണ്ണാ,’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇപ്പൊ പോസ്റ്റെ പോയിട്ടുള്ളൂ, നാളെ വീടിനു മുന്നില്‍ ഇ.ഡിയെ പ്രതീക്ഷിക്കാം. ‘Mod’ified India,’ എന്നായിരുന്നു മറ്റൊരാളുടെ രസികന്‍ കമന്റ്.
‘മണിപ്പൂരില്‍ നടന്ന സംഭവമല്ലേ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിര് എന്ന് തിരിച്ച് ചോദിക്കാമായിരുന്നില്ലേ സുരാജേട്ടാ? ജനാധിപത്യത്തിന് ഏറ്റ കളങ്കമാണ് മോദിയുടെ പ്രധാനമന്ത്രി സ്ഥാനം,’ എന്നായിരുന്നു വേറൊരാളുടെ കമന്റ്. ‘ഇത് സംഘപരിവാരം ഭരിക്കുന്ന ഇന്ത്യയാണ് ഇവിടിങ്ങനെയോക്കെയാണ്… നിലപാടിന് (തമ്പ്‌സ് അപ് സ്‌മൈലി),’ എന്ന് മറ്റൊരാളും പോസ്റ്റിന് താഴെ കുറിച്ചു.