ചവിട്ടിയത് ആരാടാ എന്ന് ജാഫര്‍ ഇടുക്കി ചോദിച്ചു, മറുപടികേട്ട് പരിപാടി മുഴുവന്‍ അവസാനിപ്പിക്കേണ്ടി വന്നു: സുരാജ് വെഞ്ഞാറമ്മൂട്
Entertainment news
ചവിട്ടിയത് ആരാടാ എന്ന് ജാഫര്‍ ഇടുക്കി ചോദിച്ചു, മറുപടികേട്ട് പരിപാടി മുഴുവന്‍ അവസാനിപ്പിക്കേണ്ടി വന്നു: സുരാജ് വെഞ്ഞാറമ്മൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th December 2022, 5:08 pm

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് വന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. വേദികളില്‍ പരിപാടി അവതരിപ്പിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനിപ്പോള്‍. വേദിയില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും സുരാജ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പലപ്പോഴും വേദിയില്‍ കയറുമ്പോള്‍ കാണികള്‍ എന്തെങ്കിലും കമന്റടിക്കും, അത് കേട്ട് പഠിച്ച് വെച്ചത് മുഴുവന്‍ ചിലപ്പോള്‍ മറന്നുപോകുമെന്നും സുരാജ് പറഞ്ഞു. അത്തരത്തിലൊരു അനുഭവം നടന്‍ ജാഫര്‍ ഇടുക്കിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

‘ക്രിസ്മസ് ഡിസംബര്‍ എന്നൊക്കെ പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് സ്‌റ്റേജ് പരിപാടികളാണ്. ആ സമയത്തൊക്കെ ഒരുപാട് പള്ളി പരിപാടികള്‍ ഉണ്ടാകും. കോട്ടയം, പാല എന്നിവിടങ്ങളിലൊക്കെ ആ സമയത്ത് ഒരുപാട് പരിപാടികള്‍ക്ക് പോകുമായിരുന്നു. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഡിസംബര്‍ ഓര്‍മ.

ഇങ്ങനെ സ്‌റ്റേജിലൊക്കെ പരിപാടിക്ക് പോകുമ്പോള്‍ പലപ്പോഴും അബദ്ധങ്ങള്‍ പറ്റാറുണ്ട്. പ്രത്യേകിച്ച് ഈ നടന്മാരെയൊക്കെ അവതരിപ്പിക്കുമ്പോള്‍ ആരെങ്കിലും കാണികള്‍ അവിടെയിരുന്ന് കമന്റടിക്കും. അപ്പോള്‍ നമ്മുടെ ശ്രദ്ധ മുഴുവന്‍ പോകും. അങ്ങനെ ഒരിക്കല്‍ ജാഫര്‍ ഇക്ക സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.

എന്‍.എഫ് വര്‍ഗീസിന്റെ ശബ്ദമായിരുന്നു ഇക്ക ഇമിറ്റേറ്റ് ചെയ്യുന്നത്. എന്നോട് വന്ന് അദ്ദേഹം ചോദിച്ചു ഞാനത് ചെയ്യട്ടേയെന്ന. ഞാന്‍ പറഞ്ഞു അനൗണ്‍സ് ചെയ്‌തോളാന്‍. എനിക്ക് അറിയാമായിരുന്നു അദ്ദേഹം ഏത് ഡയലോഗാണ് പറയാന്‍ പോകുന്നതെന്ന്. പത്രം സിനിമയില്‍ അദ്ദേഹം പറയുന്ന ഡയലോഗാണ് പറയാന്‍ പോകുന്നത്.

അപ്പോള്‍ തന്നെ ഞാന്‍ അനൗണ്‍സ് ചെയ്തു, അടുത്തതായി വരുന്നത് എന്‍.എഫ് വര്‍ഗീസെന്ന്. അദ്ദേഹം സ്റ്റേജില്‍ കയറി ഡയലോഗ് പറയാന്‍ തുടങ്ങി. ചവിട്ടിയതാരാടാ, ആണ്ടവനോ അതോ സേട്ട് ജീയോ എന്നായിരുന്നു ഡയലോഗ്. ഇക്ക അത് പറഞ്ഞപ്പോള്‍ കാണികളില്‍ ഒരുത്തന്‍ വിളിച്ച് പറഞ്ഞു സേട്ട് ജീയെന്ന്. അപ്പോള്‍ തന്നെ ഇക്കയുടെ കയ്യില്‍ നിന്ന് പോയി. നന്ദി പറഞ്ഞ് അദ്ദേഹം വേദിയില്‍ നിന്നും ഇറങ്ങിപോന്നു.

ശരിക്കും അങ്ങനെയൊരു റെസ്‌പോണ്‍സ് വന്നപ്പോള്‍ പഠിച്ച ഡയലോഗ് വരെ അദ്ദേഹം മറന്നുപോയി. അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്,’ സുരാജ് പറഞ്ഞു.

അതേസമയം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയിയാണ് സുരാജിന്റെ ഏറ്റവും പുതിയ സിനിമ. സോണി ലിവിലാണ് സിനിമ റിലീസ് ചെയ്തത്. സിജ റോസ്, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജിന്‍സ് ഭാസ്‌കര്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

content highlight: suraj venjarammodu talks about talks about jaffar idukki