മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യതാരമായി കരിയർ തുടങ്ങിയ സുരാജ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടൻ കൂടിയാണ്. വീര ധീര സൂരൻ എന്ന ചിത്രത്തിലൂടെ തമിഴിലും തിളങ്ങാൻ ഒരുങ്ങുകയാണ് സുരാജ്.
വിക്രം, എസ്. ജെ സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുരാജും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് സിനിമയിലെ തന്റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താൻ അഭിനയിക്കുന്ന സിനിമയിൽ പൃഥ്വിരാജും ഉണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്നും എന്നാൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് അത് മറ്റൊരു നടനാണെന്ന് താൻ അറിഞ്ഞതെന്നും സുരാജ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നാല് പേരുണ്ടെന്ന് പറഞ്ഞു. അച്ഛന്റെ വേഷം ചെയ്യാനുള്ള ആളെ കിട്ടിയിട്ടില്ല, ഉടനെ കിട്ടുമെന്ന് പറഞ്ഞു.
പിന്നെ ചെന്നപ്പോൾ എന്നോട് പറഞ്ഞു, അഭിനയിക്കേണ്ടവരെയൊക്കെ കിട്ടിയിട്ടുണ്ടെന്ന്. വിക്രം സാർ, എസ്. ജെ സാർ, സുരാജ് പിന്നെ പൃഥ്വിരാജ് എന്നിവരാണ് താരങ്ങളെന്ന്.
അപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. പക്ഷെ അവിടെ ചെന്നപ്പോഴാണ് മനസിലായത്, അത് തെലുങ്കിലെ ഒരു പൃഥ്വിരാജാണ്. എന്തായാലും തമിഴിൽ നല്ല അനുഭവമായിരുന്നു,’സുരാജ് പറയുന്നു.
നടൻ വിക്രമിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും സുരാജ് പങ്കുവെച്ചു. ഒരു ആയുസ്സിൽ ചെയ്യാനുള്ളതെല്ലാം അന്യൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ചെയ്ത ആളാണ് വിക്രമെന്ന് സുരാജ് പറഞ്ഞു.
‘വിക്രം സാർ എന്തൊരു മനുഷ്യനാണ്. അന്യൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന് ഡിമാൻഡ് ചെയ്യുന്ന ഒരു വേഷത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആയുസ്സിൽ ചെയ്യാനുള്ളത് മുഴുവൻ അദ്ദേഹം അന്യനിൽ ചെയ്തു. അവർ എല്ലാവരും നല്ല സപ്പോർട്ടാണ്. എസ്. ജെ. സൂര്യ സാർ ആണെങ്കിലും അതുപോലെ വിക്രം സാർ ആണെങ്കിലും,’സുരാജ് പറയുന്നു.
Content Highlight: Suraj Venjamaood Talk About His First Thamiz Movie