| Thursday, 5th May 2022, 12:09 pm

ജന ഗണ മനയില്‍ അഭിനയിക്കാന്‍ എനിക്കൊരു കാരണമുണ്ടായിരുന്നു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിജോ ജോസഫിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജന ഗണ മന. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് ചിത്രം.

ചിത്രത്തില്‍ എ.സി.പി സജന്‍ എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്. സുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സജനെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല അതിഗംഭീരമായ പ്രകടനത്തിലൂടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാനും സുരാജിന് സാധിച്ചിട്ടുണ്ട്.

ജന ഗണ മന സിനിമയുടെ ഭാഗമാകാന്‍ എന്തുകൊണ്ട് തയ്യാറായി എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുരാജ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഞാന്‍ ചെയ്യാത്ത ഒരുപാട് ഷേഡുകളുള്ള ഒരു കഥാപാത്രമായിരുന്നു. പിന്നെ ഒരു പാന്‍ ഇന്ത്യന്‍ മൂവിയായി നമുക്ക് ഈ കഥ ഫീല്‍ ചെയ്യും. ഡിജോ കഥ പറഞ്ഞ അപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറയുകയായിരുന്നു.

പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത് ഞാനാണ്. രണ്ട് ദിവസത്തിനുള്ളില്‍ പൃഥ്വി എന്നെ വിളിച്ച് ഓക്കെ പറഞ്ഞു. അത്രയും സ്‌ട്രൈക്കിങ് ആയിട്ടുള്ള കഥയാണ് ഇത്. ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ ഞാന്‍ ചെയ്തിട്ടില്ല, സുരാജ് പറഞ്ഞു.

എ.സി.പി സജന്‍ ആവാനായി ഞാന്‍ ആദ്യം ഒരു ട്രെയിനറെ കൊണ്ടുവന്ന് ഫിസിക്കലി ബോഡി ഫിറ്റാക്കി. അതിന് ശേഷം ഡിജോ പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഇംഗ്ലീഷ് ഹിന്ദി കന്നഡ തെലുങ്ക് എല്ലാം പറഞ്ഞു. പിന്നെ ഓപ്പോസിറ്റ് നില്‍ക്കുന്നത് പൃഥ്വിയല്ലേ അപ്പോള്‍ നമ്മള്‍ ചെയ്തുപോകും.(ചിരി), സുരാജ് പറഞ്ഞു.

പൃഥ്വിയുമായി മുന്‍പ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തെ കുറിച്ചും സുരാജ് അഭിമുഖത്തില്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ ശരിക്കും ഒരു ഈഗോ ക്ലാഷാണ്. ആ രീതിയിലേ അല്ല ജന ഗണ മനയില്‍. ഒരു കഥ നടക്കുന്നു. അതിലേക്ക് എന്റെ കഥാപാത്രവും രാജുവിന്റെ കഥാപാത്രവും വരുന്നു. തഗ്ഗ് പരിപാടിയൊന്നും ഇല്ല. എന്നാല്‍ വേറൊരു പ്ലോട്ടിലാണ് എല്ലാം പോകുന്നത്, സുരാജ് പറഞ്ഞു.

Content Highlight: Suraj Venharamoodu about Jana Gana Mana Movie

We use cookies to give you the best possible experience. Learn more