| Thursday, 5th May 2022, 1:06 pm

പൃഥ്വി ഏഴ് പേജ് ഡയലോഗ് ഒറ്റ വായന കൊണ്ട് മനപാഠമാക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല: അതിന് പിന്നിലെ രഹസ്യം ഇതാണ്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമ്പിനേഷനില്‍ ഒന്നാണ് പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കോമ്പോ. ഡ്രൈവിങ് ലൈസന്‍സിലൂടെയാണ് ആ കോമ്പോ ക്ലിക്കായി തുടങ്ങിയത്. ഇപ്പോള്‍ ജന ഗണ മന എന്ന സിനിമയിലെത്തി നില്‍ക്കുകയാണ് ഇരുവരേയും സൗഹൃദം.

പൃഥിയെ കുറിച്ച് സുരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂവി ലോഗിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ അഭിനയ മികവിനെ കുറിച്ചും നെടുനീളന്‍ ഡയലോഗുകള്‍ ഒരൊറ്റ വായനകൊണ്ട് ഹൃദിസ്ഥമാക്കാനുള്ള കഴിവിനെ കുറിച്ചുമൊക്കെ സുരാജ് പറയുന്നത്. പൃഥ്വിയുടെ ആ കഴിവിന് പിന്നിലുള്ള രഹസ്യം തനിക്ക് അറിയാമെന്നും സുരാജ് പറയുന്നു.

‘ നല്ല തമാശ മനസിലാകുന്ന, തമാശ പറയുന്ന ആളാണ് രാജു. പിന്നെ ഞാന്‍ അദ്ദേഹത്തില്‍ കണ്ട ഒരു വലിയ പ്രത്യേകതയുണ്ട്. ഡ്രൈവിങ് ലൈസന്‍സ് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടക്കുന്ന സമയത്ത് അദ്ദേഹം അദ്ദേഹത്തിന്റെ വണ്ടിയുമായി വരുമ്പോള്‍ അത് പറ്റില്ലെന്നും ഡ്രൈവിങ് സ്‌കൂളിന്റെ വണ്ടി വേണമെന്നും ഞാന്‍ പറയുന്ന സീന്‍ എടുക്കുകയാണ്.

ടെസ്റ്റ് ഇന്ന് പറ്റില്ലെന്നും ഉച്ച കഴിഞ്ഞിട്ട് വാ എന്നും ഞാന്‍ പറഞ്ഞ ശേഷം ഇദ്ദേഹം നടന്നുപോയിട്ട് ഇദ്ദേഹത്തിന്റെ ആരാധകരുടെ അടുത്ത് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. ഒരു ഏഴെട്ട് പേജുണ്ട്. അവിടെ ആണെങ്കില്‍ ഒരു പത്ത് രണ്ടായിരം പേരെങ്കിലും ഉണ്ട്.

വൈകീട്ട് അഞ്ചര മണിയായിട്ടുണ്ട്. ലൈറ്റ് പോകുന്ന സമയമാണ്. ഞാനാണ് ആ സ്ഥാനത്തെങ്കില്‍ അറ്റാക്ക് വന്ന് വീണ് മരിക്കും. ആ സമയത്ത് കഥാപാത്രത്തിലേക്ക് പെട്ടെന്ന് എത്തുക എന്ന് പറഞ്ഞാല്‍ കുറച്ച് പാടാണ്. ലൈറ്റ് പോകുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടാകും. പക്ഷേ പൃഥ്വി ഈ ഏഴെട്ട് പേജ് എടുത്ത് വെച്ചിട്ട് ഒന്നു മറിച്ചുനോക്കി. അപ്പോള്‍ തന്നെ റെഡി എന്ന് പറഞ്ഞ് ആള്‍ അങ്ങോട്ട് കയറി.

ഇതെങ്ങനെ റെഡിയാകും എന്ന് ഞാന്‍ ചിന്തിച്ചു. സ്‌ക്രിപ്റ്റ് നേരത്തെ കൊടുത്തിരുന്നോ എന്നും ഞാന്‍ അന്വേഷിച്ചു. സ്‌ക്രിപ്റ്റ് കുറേ നാള്‍ മുന്‍പ് എപ്പോഴോ വായിച്ചതാണെന്ന് ആരോ പറഞ്ഞു. നമുക്ക് കട്ട് ചെയ്ത് എടുക്കാമെന്ന് സംവിധാനയകന്‍ ജീന്‍ പറഞ്ഞപ്പോള്‍ വേണ്ട വേണ്ട ഒറ്റ ഷോട്ടില്‍ പോകാമെന്നായി പൃഥ്വി. എന്നിട്ട് ഒന്നൂടെ ആ പേജ് മറിച്ചുനോക്കിയ ശേഷം ഒരൊറ്റ അടിയാണ്. ആ ഡയലോഗ് മുഴുവന്‍ ഒരു വാക്ക് മാറാതെ പുള്ളി പറയുകയാണ്.

ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ഞാന്‍. അങ്ങനെ ഞാന്‍ ഇതിന് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചു പോയി. അപ്പോഴാണ് സുകുമാരന്‍ ചേട്ടനെ കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന് ഒരു സ്‌ക്രിപ്റ്റ് കൈയില്‍ കൊടുത്താല്‍ ഒന്ന് വായിച്ച ശേഷം വേണമെങ്കില്‍ അപ്പുറത്ത് നില്‍ക്കുന്ന ആളുടെ ഡയലോഗ് കൂടെ പറഞ്ഞുകൊടുക്കുമായിരുന്നത്രേ. അദ്ദേഹം ഒരു സ്‌കാനര്‍ ആണെന്നാണ് അറിഞ്ഞത്.

അപ്പോള് പിന്നെ പൃഥ്വിരാജ് ഇത് കാണിക്കുന്നതില്‍ അത്ഭുതമില്ല. ഇത് തന്നെയാണ് ജന ഗണ മനയിലേയും കാര്യം. ഞെട്ടിപ്പോകും നമ്മള്‍, മലയാളത്തിന്റെയല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ ഹീറോയാണ് പൃഥ്വിരാജെന്ന് നിസ്സംശയം പറയാം, സുരാജ് പറഞ്ഞു.

Content Highlight: Suraj Venharamood about prithviraj

We use cookies to give you the best possible experience. Learn more