ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ മത്സരിച്ചഭിനയിക്കുകയായിരുന്നു പൃഥ്വിയും സുരാജും. ചിത്രത്തില്‍ നായകന്‍ ആരാണെന്ന് പ്രേക്ഷകന് പോലും സംശയം തോന്നുന്ന രീതിയിലായിരുന്നു പൃഥ്വിയുടേയും സുരാജിന്റേയും പ്രകടനം. എ.സി.പി സജന്‍ കുമാര്‍ എന്ന പൊലീസ് ഓഫീസറുടെ വേഷം അതിഭംഗീരമായാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്.
പൃഥ്വി-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും പോലുള്ളൊരു സിനിമ സുരാജിലേക്കായിരുന്നു വന്നിരുന്നെങ്കില്‍ അതില്‍ ഏത് കഥാപാത്രം തെരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുരാജ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകന്‍ തീരുമാനിക്കുന്ന വേഷം താന്‍ ചെയ്യുമെന്നായിരുന്നു സുരാജിന്റെ ആദ്യമറുപടി. സംവിധായകന്‍ ഇഷ്ടമുള്ള കഥാപാത്രം തെരഞ്ഞെടുക്കാമെന്ന് പറയുകയാണെങ്കില്‍ ഏതായിരിക്കും സ്വീകരിക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് ചെയ്ത കോശി എന്ന കഥാപാത്രത്തെ തെരഞ്ഞെടുക്കുമെന്നായിരുന്നു സുരാജിന്റെ മറുപടി. എന്തുകൊണ്ടാണ് അതെന്ന ചോദ്യത്തിന് പൊലീസ് വേഷങ്ങള്‍ താന്‍ കുറേ ചെയ്തു കഴിഞ്ഞല്ലോ എന്നായിരുന്നു സുരാജിന്റെ മറുപടി.
തുല്യ പ്രാധാന്യത്തില്‍ പൃഥ്വിയുമായി കോമ്പിനേഷന്‍ വരുമ്പോള്‍ അത് റിപ്പീറ്റേഷനായി ആളുകള്‍ക്ക് തോന്നുമോ എന്ന സംശയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നായിരുന്നു സുരാജിന്റെ മറുപടി.
ഓരോ കഥയും ഡിമാന്റ് ചെയ്യുന്ന കാര്യങ്ങളുണ്ട്. ഡ്രൈവിങ് ലൈസന്‍സില്‍ ആണെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ ഉള്ള ഈഗോ ആണ്. എന്നാല്‍ ജന ഗണ മന എന്ന സിനിമയില്‍ ഒരു കഥ നടക്കുമ്പോള്‍ അതിലേക്ക് എന്റേയും പൃഥ്വിയുടേയും കഥാപാത്രങ്ങള്‍ എത്തുന്നതാണ്. റിപ്പീറ്റേഷനായി അത് തോന്നിയിട്ടില്ല.
ഈ കഥയിലേക്ക് ഞാനും പൃഥ്വിയും വന്നാല്‍ രസകരമായിരിക്കുമെന്ന് സംവിധായകന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു റിപ്പീറ്റേഷനായി ആളുകള്‍ക്ക് തോന്നുമെന്ന് കരുതുന്നില്ല. പിന്നെ പൃഥ്വിയുമായുള്ള കെമിസ്ട്രിക്ക് പിന്നില്‍ ഒരു കഥയുണ്ട്. അത് മരിച്ചാലും ഞാന്‍ പുറത്തുപറയില്ല. അങ്ങനെ ആരും അത് അറിയണ്ട (ചിരി), എന്നായിരുന്നു സുരാജിന്റെ മറുപടി.
സ്‌ക്രിപ്റ്റില്‍ കാര്യമായ ഇടപെടലൊന്നും താന്‍ നടത്താറില്ലെന്നും ചില ഡയലോഗ് പറയുമ്പോള്‍ ഇത്രയും പറയേണ്ടതില്ലെന്ന് തോന്നുന്ന സമയത്ത് സജഷന്‍സ് ആയി ചില കാര്യങ്ങള്‍ ചോദിക്കുമെന്നും സുരാജ് പറഞ്ഞു. ഇത്രയും വേണ്ടതുണ്ടോ എന്ന രീതിയില്‍ ചോദിക്കാറുണ്ട്. അത് ശരിയാണെന്ന് അവര്‍ക്ക് തോന്നിയാല്‍ അവര്‍ അതെടുക്കും. അത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. പിന്നെ അള്‍ട്ടിമേറ്റ് എന്ന് പറയുന്നത് സംവിധായകന്‍ തന്നെയാണ്, സുരാജ് പറഞ്ഞു.
Content Highlight: Suraj Venharamood about Ayyapanum Koshiyum Movie