കാണെക്കാണെ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മനു അശോകന്‍. ചിത്രത്തിന്റെ കഥ ആദ്യമായി പറഞ്ഞത് ടൊവിനോയോട് ആയിരുന്നെന്നും അതിന് ശേഷമാണ് സുരാജേട്ടനോട് കഥ പറഞ്ഞതെന്നും മനു അശോകന്‍ പറയുന്നു.
ചിത്രത്തില്‍ അല്‍പം പ്രായമുള്ള കഥാപാത്രമാണെന്ന് കേട്ടപ്പോള്‍ സുരാജേട്ടന് ചെയ്യാന്‍ അല്‍പം മടിയുണ്ടായിരുന്നെന്നും എന്നാല്‍ കഥ കേട്ടുകഴിഞ്ഞതോടെ അദ്ദേഹം വളരെ ഇമോഷണലായെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനു അശോകന്‍ പറഞ്ഞു.
” ടൊവി ഓക്കെ പറഞ്ഞ ശേഷമാണ് സുരേജേട്ടനെ വിളിക്കുന്നത്. അപ്പോഴേക്ക് ആ കഥാപാത്രം രൂപപ്പെട്ടു വരുന്നേ ഉണ്ടായിരുന്നുള്ളൂ. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എടാ ഞാന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ 65 വയസ് ചെയ്തു കഴിഞ്ഞതേയുള്ളൂ. ഇനിയും പ്രായം കൊണ്ട് എന്നെ പിടിക്കല്ലേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതത്ര പ്രായമൊന്നുമല്ലെന്നും അതൊക്കെ നമുക്ക് ശരിയാക്കിയെടുക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കഥ പറഞ്ഞപ്പോള്‍ സുരാജേട്ടന്‍ ആകെ ഇമോഷണലായി. അങ്ങനെയാണ് പുള്ളി ചിത്രത്തിന്റെ ഭാഗമാകുന്നത്,” മനു അശോകന്‍ പറഞ്ഞു.
ആദ്യം ഇങ്ങനെയൊരു സബ്ജക്ട് വന്നപ്പോള്‍ താന്‍ ടൊവിനോയെയാണ് വിളിച്ചതെന്നും ‘മച്ചാനെ ഒരു കഥയുണ്ട്, ഇതാണ് ക്യാരക്ടര്‍ എന്ന് പറഞ്ഞപ്പോള്‍ ഓ റെഡി ചെയ്യാമെന്നായിരുന്നു’ ടൊവി പറഞ്ഞതെന്നും അഭിമുഖത്തില്‍ മനു അശോകന്‍ പറയുന്നുണ്ട്.
ഉയരെയെന്ന സിനിമ തൊട്ട് ടൊവിയുമായി സൗഹൃദമുണ്ടെന്നും അതുകൊണ്ട് തന്നെ ടൊവിയോട് സംസാരിക്കാന്‍ ആ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും മനു അശോകന്‍ അഭിമുഖത്തില്‍ പറഞ്ഞു.
കാണെക്കാണെയ്ക്ക് മുമ്പ് മറ്റൊരു ചിത്രമായിരുന്നു ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നതെന്നും അതല്‍പം വലിയ പ്രോജക്ട് ആയതുകൊണ്ട് കൊവിഡ് പ്രതിസന്ധി വന്നതോടെ മാറ്റിവെക്കേണ്ടി വരികയായിരുന്നെന്നും നേരത്തെ മനു അശോകന്‍ പറഞ്ഞിരുന്നു.
അതിജീവിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മുമ്പ് ഞങ്ങള്‍ സംസാരിച്ചിരുന്ന ഒരു വണ്‍ലൈന്‍ മനസില്‍ വരുന്നതെന്നും അതാണ് കാണെക്കാണെയായി ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നതെന്നും ഒന്നൊന്നര വര്‍ഷത്തെ യാത്രയുടെ ഫലമാണ് ഈ ചിത്രമെന്നും മനു പറഞ്ഞു.
ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകന്‍ ഒരുക്കിയ ചിത്രമാണ് കാണെക്കാണെ. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസായത്. ഉയരെയ്ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്ക്കും ടൊവിനോയ്ക്കും ഒപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Suraj Venharammodu Character Kaanekkane Movie manu Ashokan Comment