തിരുവനന്തപുരം: ഗായകന്‍ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ ‘സമ’ത്തില്‍ നിന്ന് രാജിവെച്ചു. ഗായിക ചിത്രയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ സംഘടന പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് രാജി. ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം വീടുകളില്‍ വിളിക്ക് തെളിയിക്കാന്‍ ആഹ്വാനം ചെയ്ത ഗായിക ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു.
ഇതിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണമാണ് സൂരജിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ ഘട്ടത്തില്‍ സൂരജ് അംഗമായിട്ടുള്ള സിങ്ങേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് അദ്ദേഹത്തെ പിന്തുണക്കുകയോ വിവാദങ്ങളില്‍ കൂടെ നില്‍ക്കുകയോ ചെയ്തില്ല എന്നാണ് ആരോപണം. സംഘടനയുടെ ഭാഗത്ത് നിന്ന് തനിക്ക് പിന്തുണയുണ്ടായില്ലെന്നും, താന്‍ രാജിവെക്കുകയാണെന്നും സംഘടനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സൂരജ് പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജി പ്രഖ്യാപിച്ച സൂരജ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയതായും വാര്‍ത്തയുണ്ട്.
അതേസമയം രാഷ്ട്രീയ വിഷയമായതിനാലാണ് വിവാദങ്ങളിള്‍ ഇടപെടാതിരുന്നത് എന്നാണ് സംഘടനയുടെ വിശദീകരണം. സൂരജിന്റെ രാജി അടുത്ത എക്‌സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നും സംഘടനാ ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാമക്ഷേത്ര ഉദ്ഘാടന ദിവസം വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ഉച്ചരിക്കണമെന്നുമായിരുന്നു ഗായിക ചിത്രയുടെ ആഹ്വാനം. ഇതിനെയാണ് സൂരജ് സന്തോഷ് വിമര്‍ശിച്ചത്. പള്ളിപൊളിച്ചാണ് അമ്പലം പണിഞ്ഞത് എന്ന ചരിത്രം മറന്നുകൊണ്ടാണ് ചിത്രയുടെ ആഹ്വാനം എന്നായിരുന്നു സൂരജിന്റെ വിമര്‍ശനം.
ഈ വിമര്‍ശനത്തിന് നേരെ വ്യാപകമായ സൈബര്‍ ആക്രമാണ് സൂരജ് നേരിട്ട് കൊണ്ടിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സൂരജ് കഴിഞ്ഞ ദിവസം ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.