ആലുവ: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ അപലപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. പൊന്നുമോളെ മാപ്പ് എന്ന ക്യാപ്ഷനോട് കൂടി പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം വേദന പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും ചെറിയ ശവപ്പെട്ടികളാണ് ഏറ്റവും ഭാരമുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതി അസ്ഫാക് ആലം കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ കയറ് മുറുക്കിയ പാടും, ശരീരത്തിലാകമാനം മുറിവുകളുമുണ്ടായിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം നാളെ സംസ്‌കരിക്കാനാണ് തീരുമാനം. കുട്ടി പഠിച്ചുകൊണ്ടിരുന്ന സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം
ആലുവ പൊതുശ്മശാനത്തില്‍ വൈകിട്ട് നാല് മണിയോട് കൂടി മൃതദേഹം സംസ്‌കരിക്കും.
അതേസമയം കുറ്റം സമ്മതിച്ച പ്രതി അസ്ഫാക്കിനെ നാളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി മറ്റന്നാള്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.
കുട്ടിയുമായി ഒരാള്‍ മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോകുന്നുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. വൈകിട്ട് മൂന്നരയോടെ കുട്ടിയുമായി അസ്ഫാക്ക് മാര്‍ക്കറ്റിലെത്തിയതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. എന്നാല്‍, അസ്ഫാക്കിനെ തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനവും പ്രതിഷേധവുമുണ്ടായി. മാലിന്യക്കൂമ്പാരത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം കണ്ടെത്തിയ പ്രദേശം വളരെ വിജനമായ സ്ഥലമാണെന്നും പകലുപോലും പേടിച്ചിട്ട് ആളുകള്‍ അങ്ങോട്ടുവരില്ലെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യയായാല്‍ ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണിതെന്നും നാട്ടുകാര്‍ പറയുന്നു.
ഉച്ചക്ക് 12 മണിയോടെയാണ് ആലുവ മാര്‍ക്കറ്റിന്റെ പരിസരത്ത് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗം ഒടിച്ച് ചാക്കിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
CONTENT HIGHLIGHTS: suraj about aluva girl