|

'ചെറിയവരാണ് മതത്തെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നത്'; ഓണത്തിന് ബീഫ് കഴിച്ചതിന് സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിന് സുരഭിയുടെ കിടിലന്‍ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവോണ നാളില്‍ ചാനല്‍ പരിപാടിക്കിടെ ബീഫ് കഴിച്ചതിന് ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയ്‌ക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. മീഡിയ വണ്‍ ചാനലില്‍ സുരഭി തന്നെ അവതരിപ്പിച്ച സുരഭിയുടെ ഓണമെന്ന പരിപാടിയിലായിരുന്നു താരം ബീഫ് കഴിച്ചത്. തനിക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സുരഭിയിപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളായിരുന്നു സുരഭി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “മഹാന്മാര്‍ക്ക് മതം എന്നത് സൗഹൃദം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാണ്. ചെറിയവരാണ് മതത്തെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നത്”. എന്ന കലാമിന്റെ പ്രശസ്തമായ വാക്കുകളായിരുന്നു സുരഭിയുടെ പോസ്റ്റ്. സംഘപരിവാര്‍ ആക്രമത്തെ പരാമര്‍ശിച്ചില്ലെങ്കിലും സംഘപരിവാറിനുള്ള സുരഭിയുടെ മറുപടിയായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.


Also Read:  ‘പേടിപ്പിച്ചുകളയാമെന്ന് ധരിക്കരുത്; ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്’ ബി.ജെ.പി നേതാവിന് കെ.കെ ഷാഹിനയുടെ ഉശിരന്‍ മറുപടി


താരത്തിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബീഫ് കഴിച്ചതിനെ വിമര്‍ശിച്ചതിനുള്ള സുരഭിയുടെ മറുപടിയായാണ് മിക്ക കമന്റുകളും വിലയിരുത്തുന്നതും.

ഓണപരിപാടിക്കിടെ ബീഫും പൊറാട്ടയും കഴിച്ചതിനാണ് നടിയ്ക്കെതിരെയും ചാനലിനെതിരെയും സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷം നടത്തിയത്.

21397632_1536836083006019_1552811702_n

തിരുവോണ ദിവസം ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് ഇവരുടെ ചോദ്യം. ഓണ ദിവസം ബീഫ് കഴിക്കുന്ന പരിപാടി ടിവിയില്‍ അവതരിപ്പിച്ചത് ഹിന്ദുക്കളെ അപമാനിക്കാനാണെന്നായിരുന്നു സംഘപരിവാര്‍ വാദം.

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളില്‍ നടിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട ഗ്രൂപ്പില്‍ ആദ്യം കണ്ട പോസ്റ്റ് മറ്റു ഗ്രൂപ്പുകളിലേയ്ക്കും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ ദൃശ്യം പോസ്റ്റ് ചെയ്ത ചാനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലും വിദ്വേഷ കമന്റുകള്‍ നിറഞ്ഞിരുന്നു.

ചാനലില്‍ അവതരിച്ച പരിപാടിയില്‍ കടയില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷം ഭക്ഷണത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞതുമാണ് സംഘപരിവാര്‍ സംഘടിത ആക്രമണം നടത്താനുള്ള കാരണം. പരിപാടിയിലെ ഒരു രംഗം മാത്രം അടര്‍ത്തിയെടുത്താണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം.