കോഴിക്കോട്: “നിരവധി സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തു. ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നതാകട്ടെ ദേശീയ അവാര്‍ഡ് നേടി തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തിലാണ്”. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി പറയുന്നു. തേടിയെത്തുന്നത് അധികവും ബി.പി.എല്‍ റോളുകളാണെങ്കിലും അഭിനയിക്കാനുള്ള സാധ്യതയുള്ളവയാണെന്നും അതിനാല്‍ ചെറിയ റോളുകള്‍ ചെയ്യുന്നത് അവസാനിപ്പിക്കില്ലെന്നും സുരഭി പറയുന്നു. അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരഭി മനസ്സു തുറന്നത്.
മിന്നാമിനുങ്ങ് പേരുപോലെ തന്നെ ഒരു കുഞ്ഞ് സിനിമയാണെന്നും സുരഭി പറയുന്നു. ഹിറ്റായ എം 80 മൂസ എന്ന പ്രോഗ്രാമില്‍ കോഴിക്കോടന്‍ ഭാഷയാണെങ്കില്‍ മിന്നാമിനുങ്ങില്‍ തിരുവനന്തപുരം ഭാഷയായിരുന്നു. മിന്നാമിനുങ്ങിലെ അഭിനയത്തിനു സംസ്ഥാന ജൂറി പരാമര്‍ശം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയിരുന്നുവെന്നും സുരഭി പറഞ്ഞു.
“ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടിക്കുള്ള അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഞാന്‍ വളരെ ചെറിയ ഒരു നടിയാണ്. ഇങ്ങനെ ഒരവാര്‍ഡ് കിട്ടിയതിന്റെ ഞെട്ടലുണ്ട്.” സുരഭി പറയുന്നു.
അവാര്‍ഡിന്റെ നിറവിലെത്തിച്ച മിന്നാമിനുങ്ങിനെ കുറിച്ച് സുരഭിയ്ക്ക് പറയാനുള്ളത് ഇതാണ്,
“സ്വന്തമായി ഒരു പേരുപോലുമില്ലാത്ത, കഷ്ടപ്പാടുകളില്‍ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഒരു നാല്‍പ്പത്തിയഞ്ചുകാരിയുടെ വേഷമാണ് മിന്നാമിനുങ്ങിലേത്. മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്നേഹനിധിയായ ഒരു അമ്മ”.
തനിക്ക് അമ്മ വേഷം ചെയ്യുന്നതിനൊന്നും ഒരു മടിയുമില്ലെന്നും സുരഭി വ്യക്തമാക്കുന്നു. കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും. അമ്മൂമ്മയായി അഭിനയിക്കാന്‍ വിളിച്ചാലും അതേറ്റെടുക്കുമെന്നാണ് സുരഭിയുടെ നിലപാട്.
അവാര്‍ഡ് കിട്ടിയെന്നു കരുതി തന്നെ ഇനി ചെറിയ വേഷങ്ങളിലൊന്നും വിളിക്കാതിരിക്കരുതെന്നും എല്ലാ സംവിധായകരുടെയും നടന്മാരുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും സുരഭി കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ റോളുകളെ തനിക്ക് സിനിമയില്‍ കിട്ടാറുള്ളൂ എന്നും കിട്ടുന്നതൊക്കെ ബിപിഎല്‍ റോളുകള്‍ ആണെങ്കിലും എന്തെങ്കിലും അഭിനയ സാധ്യതകള്‍ ഉണ്ടാകാറുണ്ടെന്നുമാണ് സുരഭിയുടെ അഭിപ്രായം.
അതേസമയം, ചോദിച്ചാലേ സിനിമയില്‍ അവസരം കിട്ടൂ എന്ന അവസ്ഥയുണ്ടെന്നും പക്ഷെ അതിന് തന്നെ കിട്ടില്ലെന്നും സുരഭി പറയുന്നു. ചെറിയ സാധനമാണെങ്കില്‍ പോലും ചോദിച്ചു വാങ്ങാന്‍ മടിയാണെന്നാണ് സുരഭി പറയുന്നത്.
പക്ഷെ തനിക്ക് ഇന്നും കൂടുതല്‍ ഇഷ്ടം നാടകത്തോട് തന്നെയാണെന്നും താരം വ്യക്തമാക്കുന്നു. മനസ്സ് കൊണ്ട് അടുപ്പം നാടകത്തോടാണെന്നും നടി എന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി കിട്ടുന്നത് നാടകത്തില്‍ നിന്നാണെന്നും സുരഭി പറയുന്നു.
പണമോ വസ്ത്രമോ അവിടെ പ്രശ്‌നമല്ല. ഒരുമിച്ച് അധ്വാനിക്കുക, കഥാപാത്രവും നാടകവും പെര്‍ഫെക്ടാക്കുക അത്രേയുള്ളൂ. എന്നാല്‍ സിനിമയില്‍ കൂടുതല്‍ പണവും പ്രശസ്തിയും കിട്ടും. അതേസമയം, തന്നെ പോലുള്ള ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിക്ക് സീരിയല്‍ അഭിനയം സര്‍ക്കാര്‍ ജോലി പോലെയാണെന്നാണ് സുരഭിയുടെ അഭിപ്രായം. കാരണം മറ്റൊന്നുമല്ല, മാസത്തില്‍ കൃത്യമായ ജോലിയും കൃത്യമായ കൂലിയും കിട്ടും.