കോഴിക്കോട്: അഭിനയ ജീവിതത്തിനിടയിലെ കറുത്ത അനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി. മനോരമ ചാനലിലെ നേരെ ചൊവ്വേ പരിപാടിയിലാണ് സുരഭി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സംസാരിക്കുന്നത്. ഫോട്ടോ കാണിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംവിധായകന് ചുട്ട മറുപടി കൊടുത്തകാര്യം സുരഭി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്,
“വാട്‌സാപ്പില്‍ വന്ന ഒരു സ്ത്രീയുടെ ഫോട്ടോകാണിച്ച് സംവിധായകന്‍ ചോദിച്ചു, സുരഭീ, ഇതുപോലെയൊക്കെ ആകണ്ടേ എന്ന്, അത് അത്യാവശ്യം മോശമായ ചിത്രമായിരുന്നു. അല്‍പ വസ്ത്രധാരിണിയായ സ്ത്രീയായിരുന്നു ആ ചിത്രത്തില്‍. അയാള്‍ എന്തുദ്ദേശത്തിലാണ് അത് എന്നെ കാണിച്ചതെന്ന് എനിക്ക് മനസിലായില്ല, ഒരുപക്ഷേ, തമാശയ്ക്കായിരിക്കും. പക്ഷെ എനിക്കതു പിടിച്ചില്ല.” പിന്നീട് സംഭവിച്ചതും സംവിധായകനെ ഐസാക്കിയ മറുപടിയേക്കുറിച്ചുമെല്ലാം സുരഭി പറയുന്നുണ്ട്.
“എന്തെങ്കിലും നീരസം ആരോടെങ്കിലും തോന്നിയാല്‍ ഉടന്‍ മറുപടി കൊടുക്കുന്ന ആളാണ് ഞാന്‍. ചിത്രം കാണിച്ച സംവിധായകനോട് ഞാന്‍ ചോദിച്ചു, നിങ്ങളുടെ മകള്‍ക്ക് 18 വയസുകഴിഞ്ഞില്ലേ, അവള്‍ക്ക് നല്ല ആരോഗ്യമുണ്ട്. അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും. അതുകാണുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഈ മറുപടി കേട്ടതോടെ അയാള്‍ ഐസായിപ്പോയി. പെട്ടെന്ന് സ്ഥലം വിട്ടു. പിന്നീട് ഇതേക്കുറിച്ച് സെറ്റില്‍ സംസാരമൊന്നുമുണ്ടായില്ല.”
സംസ്ഥാന പുരസ്‌കാരത്തില്‍ ജൂറി പുരസ്‌കാരത്തില്‍ ഒതുങ്ങിയതില്‍ പരാതിപ്പെടാന്‍ താന്‍ ആളല്ലെന്നും സുരഭി പറഞ്ഞു. അങ്ങനെ പറയാനോ ചിന്തിക്കാനോ ഉള്ള വലിപ്പം തനിക്കില്ല. തന്നോട് സ്‌നേഹമുള്ള പലരും ഇത് മധുര പ്രതികാരമെന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ ഇഷ്ടം കൊണ്ട് പറയുന്നതാണ്. ദേശീയ പുരസ്‌കാരത്തില്‍ ജൂറി പരാമര്‍ശം കിട്ടാനായി താന്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും സുരഭി പറയുന്നു.