| Wednesday, 26th May 2021, 7:27 pm

ജനിച്ച ഇടങ്ങളില്‍ അഭിയാര്‍ഥികളാകേണ്ടി വരുമെന്ന ഭീതിയിലാണ് അവരിപ്പോള്‍; ലക്ഷദ്വീപിന് പിന്തുണയുമായി സുരഭി ലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. കുറച്ച് നാളുകളായി ലക്ഷദ്വീപ് ജനത നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിലാണെന്നും ജനിച്ച ഇടങ്ങളില്‍ തന്നെ അഭിയാര്‍ഥികളാകേണ്ടി വരുമെന്ന ഭീതിയിലാണ് അവിരിപ്പോള്‍ എന്നും സുരഭി ഫേസ്ബുക്കില്‍ എഴുതി.

‘പുതിയ ഭരണകൂടത്തിന്റെ നടപടികള്‍ അവരുടെ തനതായ സംസ്‌കാരത്തെയും പരമ്പരാഗത ജീവിത ശൈലിയെയും മാറ്റി മറിക്കുന്നതാണ്. കൊവിഡിനു മുമ്പില്‍ പതറി നില്‍ക്കുന്ന ഒരു ജനതയെ, ജനാദിപത്യ വിരുദ്ധ തീരുമാനങ്ങളുമായി അവിടുത്തെ ഭരണകൂടം വേട്ടയാടുകയാണ്.

ഒരു ദ്വീപ് സമൂഹം മുഴുവനും അവരുടെ നിലനില്‍പ്പിനായി പോരാടുമ്പോള്‍ മതമോ രാഷ്ട്രീയമോ നോക്കാതെ നമ്മളും പിന്തുണക്കേണ്ടതുണ്ട്,’ സുരഭിലക്ഷ്മി പറഞ്ഞു.

അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ തുടരുകയാണ്. കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി. എല്ലാ നിയമനരീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Surabhi Lakshmi with support for Lakshadweep

We use cookies to give you the best possible experience. Learn more