| Friday, 13th September 2024, 12:58 pm

ആ സമയത്ത് ടൊവിനോയെ തൊട്ടാല്‍ അവന്റെ തനി നിറം പുറത്ത് വരും: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 12) പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയന്‍, കുഞ്ഞികേളു, മണിയന്‍ എന്നീ മൂന്ന് കഥാപാത്രമായി ടൊവിനോ വേഷമിടുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ജോമോന്‍ ടി. ജോണാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ഛായാഗ്രാഹകന്‍.

മൂന്നു നായികമാരുള്ള ചിത്രത്തില്‍ മാണിക്യം എന്ന കഥാപാത്രത്തെയായിരുന്നു സുരഭി അവതരിപ്പിച്ചത്. ചിത്രത്തില്‍ മണിയന്‍ എന്ന ടൊവിനോയുടെ കഥാപാത്രത്തിന്റെ ജോഡിയായാണ് സുരഭി ലക്ഷ്മി എത്തിയത്.

ചിത്രത്തില്‍ ടൊവിനോയെ കറുപ്പിക്കാനായി മൂന്ന് നാല് പേര്‍ രാവിലെ മുതല്‍ കറുത്ത ഫൗണ്ടേഷന്‍ തേക്കാന്‍ തുടങ്ങുമെന്നും എവിടെയെങ്കിലും തൊട്ടാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിറം പ്രത്യക്ഷപ്പെടുമെന്നും സുരഭി പറയുന്നു.

അതുകൊണ്ടുതന്നെ ഛായാഗ്രാഹകന്‍ ജോമോന്‍ ടൊവിനോയെ തൊട്ടാല്‍ അവന്റെ തനി നിറം പുറത്തുവരുമെന്ന് തമാശക്ക് പറയുമായിരുന്നെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. വണ്ടര്‍ വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ടൊവിനോ ഈ സിനിമയില്‍ മണിയായി വരുമ്പോള്‍ കറുത്ത ഫൗണ്ടേഷന്‍ തേച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ നിറം മാറ്റിയിരുന്നത്. ഞങ്ങളുടെ ഷൂട്ടിങ് നടക്കുന്നതാണെങ്കില്‍ നല്ല വെയിലത്തും. വിയര്‍ക്കുന്നതിന് അനുസരിച്ച് എത്ര കളര്‍ അടിച്ചാലും അത് പോകുമായിരുന്നു. കൂടെ ടാറ്റുവും ഉണ്ടായിരുന്നു.

ടൊവിനോയ്ക്ക് സിനിമയുടെ ആ ഭാഗത്തെല്ലാം ഡ്രസ്സ് ആയിട്ട് ആകെ ഉള്ളത് ഒരു ചെറിയ മുണ്ട് മാത്രമായിരുന്നു. രാവിലെ മുതല്‍ മൂന്ന് നാല് പേര് ഇരുന്നാണ് ടൊവിനോയെ ആ കളറിലേക്ക് മാറ്റുന്നത്. കോമ്പിനേഷന്‍ സീനൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ടൊവിനോയെ തൊടാന്‍ പറ്റില്ല.

മേക്കപ്പ് പോകാതെ തൊടുന്നതും അല്ലാതെ തൊടുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഒന്ന് തൊടുമ്പോഴേക്കും പുള്ളിയുടെ കളര്‍ പുറത്തുവരും. അപ്പോള്‍ ജോമോന്‍ ചേട്ടന് തമാശക്ക് പറയും ടൊവിനോയെ തൊട്ടാല്‍ അദ്ദേഹത്തിന്റെ തനിനിറം പുറത്ത് വരുമല്ലോ എന്ന്. ടൊവിനോ ഒരു സീനെടുക്കുന്നതിന് മുമ്പ് എന്നോട് പറയും എവിടെയെങ്കിലും തൊടുന്നുണ്ടെങ്കില്‍ അതൊന്ന് ആദ്യമേ പറഞ്ഞേക്കണേയെന്ന്,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi talks  About Tovino Thomas’s Makeup In Ajayante  Randam Moshanam Movie

We use cookies to give you the best possible experience. Learn more