| Wednesday, 6th November 2024, 4:35 pm

അന്ന് റാഗ് ചെയ്തതിന് പ്രതികാരമായിട്ടാണ് സിനിമയില്‍ നായികയാക്കിയതെന്ന് ആ നടന്‍ പറഞ്ഞു: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.ബി.സി.ഡി സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ടൊവിനോ തോമസിനെ റാഗ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. ആ സിനിമയുടെ സെറ്റില്‍ താന്‍ ടോവിനോയെക്കാളും സീനിയര്‍ ആണെന്നുള്ള ഭാവത്തില്‍ തമാശക്ക് റാഗ് ചെയ്തിട്ടുണ്ടെന്ന് സുരഭി പറയുന്നു.

തനിക്ക് ചിത്രത്തില്‍ പേരുപോലും ഉണ്ടോയെന്ന് ഉറപ്പില്ലാത്ത കഥാപാത്രം ആയിരുന്നെന്നും എന്നാല്‍ ടൊവിനോ അതില്‍ വില്ലനായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി.

‘ടൊവിനോ തോമസിനെ ഞാന്‍ റാഗ് ചെയ്തിട്ടുണ്ട്. എ.ബി.സി.ഡി എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് അത് നടന്നത്. അന്ന് ഞാന്‍ കുറച്ച് സീനിയര്‍ ആണല്ലോ, ഞാന്‍ ഹോസ്റ്റലില്‍ നിന്നാണ് വരുന്നത്, വൈകുന്നേരം തിരിച്ച് പോകും. എനിക്ക് ആകെ ഒരു സീനേ ആ സിനിമയില്‍ ഉള്ളു. പക്ഷെ അവന്‍ വില്ലനാണ്. അതെനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ അവനെ വിളിച്ചിട്ട്, എന്താടാ നിന്റെ പേര്? എന്ന് ചോദിച്ചു. അപ്പോള്‍ അവന്‍ ടൊവിനോ തോമസ് എന്ന് മറുപടി പറഞ്ഞു. വീടെവിടെയാ എന്ന് ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു, ഇരിഞ്ഞാലക്കുടയാണ് എന്നവന്‍ പറഞ്ഞു. ഈ സിനിമയില്‍ എന്തായിട്ടാ എന്നായിരുന്നു എന്റെ അടുത്ത ചോദ്യം എന്നാല്‍ അതിന് അവന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇന്ന് ഷൂട്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഇന്നില്ല ചേച്ചി, ഞാന്‍ ചുമ്മാ റെസ്റ്റ് എടുത്തിട്ട് അങ്ങനെ നടക്കുകയാണ്’ എന്ന് ടൊവിനോ പറഞ്ഞു.

എന്റെ കഥാപാത്രത്തിന് ആ സിനിമയില്‍ ഡയലോഗ് ഉണ്ടോയെന്നുപോലും എനിക്കറിയില്ല (ചിരി). അന്ന് റാഗ് ചെയ്തതിന്റെ പ്രതികാരമായിട്ടാണ് തന്റെ നായികയാക്കിയതെന്ന് ടൊവിനോ പറഞ്ഞു,’ സുരഭി ലക്ഷ്മി പറയുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ സുരഭിക്ക് കഴിഞ്ഞു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത് സുരഭിയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം

Content Highlight: Surabhi Lakshmi Talks About Tovino Thomas

We use cookies to give you the best possible experience. Learn more