മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ സുരഭിക്ക് കഴിഞ്ഞു.
സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത് സുരഭിയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം
കൃത്യമായ പൈസ മിക്ക സിനിമകളില്‍ നിന്നും കിട്ടാറില്ലെന്ന് സുരഭി ലക്ഷ്മി പറയുന്നു. കുറെ തവണ ചോദിച്ചാല്‍ മാത്രമാണ് പലപ്പോഴും പൈസ തരികയെന്നും അതും പറഞ്ഞതിന്റെ പകുതി മാത്രമാണ് ഇടക്കെല്ലാം ലഭിക്കുകയെന്നും പറഞ്ഞ സുരഭി എന്നാല്‍ എല്ലാ സിനിമകളിലും ഇങ്ങനെയല്ലെന്നും വ്യക്തമാക്കി. നടിമാരെ സംബന്ധിച്ച് വളരെ തുച്ഛമായ തുകയാണ് ലഭിക്കാറുള്ളതെന്നും അതുതന്നെ പലപ്പോഴും മുഴുവനായും കിട്ടണമെന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ചെയ്ത തൊഴിലിനുള്ള പണം ചോദിച്ചാല്‍ ചന്തയില്‍ വില പേശുന്നതുപോലെ വില പേശാറുണ്ടെന്നും സുരഭി പറയുന്നു. കൃത്യമായ എഗ്രിമെന്റ് അവര്‍ എഴുതിവാങ്ങാറുണ്ടെന്നും എന്നാല്‍ അതിന്റെ കോപ്പി ചോദിച്ചാല്‍ തരാറില്ലെന്നും സുരഭി വ്യക്തമാക്കി. മനോരമ ചാനലിലോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
‘നമ്മള്‍ ചെയ്ത തൊഴിലിന്റെ വേതനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും നമുക്കത് കൃത്യമായി ലഭിക്കണം എന്നില്ല. അത്രയും പറഞ്ഞാല്‍ മാത്രമേ നമുക്ക് കിട്ടുകയുള്ളു. ചോദിച്ചാല്‍ തന്നെ ഒരുപാട് പ്രാരാബ്ധങ്ങള്‍ പറയും. നമുക്ക് തന്നെ അവസാനം തോന്നും എന്തിനാ ദൈവമേ ഇത്രയും കഷ്ടപ്പെട്ട് അവര്‍ ഒരു സിനിമ ചെയ്യുന്നതെന്ന്.
കോടികള്‍ ഒന്നും അല്ല നമ്മള്‍ ചോദിക്കുക. നടിമാരെ സംബന്ധിച്ച് വളരെ തുച്ഛമായ പൈസയാണ് കിട്ടുന്നത്. പിന്നെ അതിനകത്ത് തന്നെ പലരും വിളിച്ച് വിളിച്ച് ആ തുകയില്‍ നിന്നും കുറയ്ക്കും. ഒരു ചന്തയില്‍ വില പേശുന്നതുപോലെ അവര്‍ വില പേശും. പിന്നെ ഡബ്ബിങ് കൂടെ കഴിയുമ്പോള്‍ പറഞ്ഞതിന്റെ പകുതി പൈസ പോലും കിട്ടുകയുമില്ല. നമ്മള്‍ പണിയെടുത്ത പൈസക്ക് വേണ്ടി നമ്മള്‍ ഇരന്ന് ചോദിക്കേണ്ടി വരാറുണ്ട്.
അതിനൊരു എഗ്രിമെന്റോ കാര്യങ്ങളോ ഒന്നും ഉണ്ടാകാറില്ല. അവര്‍ കൃത്യമായി നമ്മുടെ അടുത്ത് നിന്ന് എഗ്രിമെന്റ് വാങ്ങിക്കാറുണ്ട്. അതിന്റെ ഒരു കോപ്പി ചോദിച്ചാല്‍ അതൊട്ടു തരികയുമില്ല. എല്ലാ സിനിമയും ഇങ്ങനെയാണെന്നല്ല ഞാന്‍ പറയുന്നത്. കൃത്യമായി നമുക്ക് പൈസ തരുന്ന സിനിമകളുമുണ്ട്,’ സുരഭി ലക്ഷ്മി പറയുന്നു.
Content Highlight: Surabhi Lakshmi Talks About Salary In Film Industry