ഇപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. സ്ത്രീകളുടെ പ്രസരിപ്പ് കാണുമ്പോള്‍ തള്ള വൈബെന്നും മറ്റും പറഞ്ഞ് പരിഹസിക്കാന്‍ വരുന്നവരുണ്ടെന്നും അതൊന്നും താന്‍ വകവെയ്ക്കാറില്ലെന്നും സുരഭി പറഞ്ഞു.
നടിയാണ് ഞാന്‍ എന്ന ഭാരമെടുത്ത് തലയില്‍ വെക്കാറില്ല. എല്ലാവരോടും തുറന്നിടപെടും – സുരഭി ലക്ഷ്മി
താന്‍ ചെറുപ്പംതൊട്ടേ ഇങ്ങനെയാണെന്നും തന്നെപ്പോലൊരു കുട്ടിയെ തനിക്ക് വളര്‍ത്താന്‍ പറ്റില്ലെന്നും അത്രയ്ക്ക് ഹൈപ്പര്‍ ആക്ടീവാണ് താനെന്നും സുരഭി ലക്ഷ്മി പറയുന്നു. സ്‌കൂളിലും കാലടി സര്‍വകലാശാലയിലുമൊക്കെ പഠിക്കുമ്പോളുണ്ടായിരുന്ന അതേ വൈബ് തന്നെയാണ് തനിക്ക് ഇപ്പോഴുമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
‘സ്ത്രീകളുടെ പ്രസരിപ്പ് കാണുമ്പോള്‍ തള്ള വൈബെന്നും മറ്റും പറഞ്ഞ് പരിഹസിക്കാന്‍ വരുന്നവരുണ്ട്. ഞാന്‍ അതൊന്നും വകവെക്കില്ല. ഞാന്‍ ചെറുപ്പംതൊട്ടേ ഇങ്ങനെയാണ്. എന്നെപ്പോലൊരു കുട്ടിയെ എനിക്ക് വളര്‍ത്താന്‍ പറ്റില്ല. അത്രയ്ക്ക് ഹൈപ്പര്‍ ആക്ടീവാണ്.
സ്‌കൂളിലും കാലടി സര്‍വകലാശാലയിലുമൊക്കെ പഠിക്കുമ്പോളുണ്ടായിരുന്ന അതേ വൈബ് തന്നെയാണ് ഇപ്പോഴും.
മനോഹരമായൊരു ക്യാമ്പസ് ജീവിതം എനിക്കുണ്ടായിരുന്നു. നൃത്തവും നാടകവുമൊക്കെയായി അക്കാലം ആഘോഷമാക്കി. കോളേജിലെ വൈസ് ചെയര്‍പേഴ്‌സണായിരുന്നു.
നടിയാണ് ഞാന്‍ എന്ന ഭാരമെടുത്ത് തലയില്‍ വെക്കാറില്ല. എല്ലാവരോടും തുറന്നിടപെടും. അടുപ്പമുള്ളവരോട് ദേഷ്യം പിടിക്കാറുമുണ്ട്. കച്ചറ സ്വഭാവം കാണിക്കും. അവര്‍ എന്നെ മനസിലാക്കി കൂടെനില്‍ക്കും. ജീവിതത്തില്‍ അഭിനയിക്കാറില്ല.
ജീവിതത്തില്‍ അഭിനയിക്കാനറിയാഞ്ഞിട്ടല്ല. നന്നായി അഭിനയിക്കാനറിയാം. പക്ഷേ, ആ കാപട്യത്തില്‍ നിലനില്‍ക്കാനാവില്ല. അയ്യോ എന്നെപ്പറ്റി അവരെന്ത് വിചാരിക്കും എന്ന ചിന്തയില്ല. ആരോടും നേരിട്ട് സംസാരിക്കും.
എനിക്ക് ആ വ്യക്തിയെ ഇഷ്ടമായാല്‍ അക്കാര്യം മറ്റുള്ളവരോടും പറയും. അങ്ങനെ അവരും ആ വ്യക്തിയുമായി കൂട്ടാവും. ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിവരും. അത് കാലടിയില്‍ പഠിച്ചതുകൊണ്ടും നാടകാഭിനയത്തില്‍ നിന്നുമൊക്കെ കിട്ടിയ ഗുണമാണ്,’ സുരഭി ലക്ഷ്മി പറയുന്നു.
Content highlight: Surabhi Lakshmi talks about her happiness