മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതില്‍ ലാലിന്റെ സംവിധാനത്തില്‍ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.
ടൊവിനോയുടെ നായികമാരായി എത്തിയത് സുരഭി ലക്ഷ്മിയും ഐശ്വര്യ രാജേഷും കൃതി ഷെട്ടിയുമാണ്. ചിത്രത്തില്‍ രണ്ടു പ്രായത്തിലുള്ള കഥാപാത്രമായ മാണിക്യത്തെയാണ് സുരഭി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സുരഭി നേടുന്നത്.
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ അതിലെ അസിസ്റ്റന്റ് ഡയറക്ടറായ ജിതിനോട് ഭാവിയില്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ വിളിക്കണം എന്ന് പറഞ്ഞിരുന്നെന്ന് സുരഭി പറയുന്നു.
പിന്നീട് കുറച്ചുകാലങ്ങള്‍ക്ക് ശേഷം ജിതിന്‍ തന്നെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ സ്ഥിരമായി താന്‍ ചെയ്യാറുള്ള കഥാപാത്രങ്ങള്‍ പോലെ എന്തെങ്കിലും ആയിരിക്കുമെന്നാണ് കരുതിയതെന്നും ടൊവിനോയുടെ നായികയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്ന് നിന്റെ മൊയ്തീന്‍ നടക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി ജിതിനോട് ചാന്‍സ് ചോദിക്കുന്നത്. ആ സിനിമയിലെ കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടിലെ സീനില്‍ ഞാന്‍ മൊന്തയില്‍ ഒരു കത്തുമായി പാര്‍വതിയുടെ അടുത്തേക്ക് പോകുന്ന രംഗമുണ്ട്. ആ സമയത്ത് അവിടെ ജിതിന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനാണ് അതിലെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു .
അപ്പോള്‍ ആ സമയത്തെ അവന്റെ മട്ടും മാതിരിയുമൊക്കെ കണ്ടപ്പോള്‍ ഇവന്‍ ഭാവിയില്‍ ഒരു സിനിമയൊക്കെ ചെയ്‌തേക്കാം പോയി ഒരു ചാന്‍സ് ചോദിച്ചാലോ എന്ന് ആലോചിച്ചു. അവന്റെ അടുത്ത് പോയി നീ ഒരു സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കുമോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ആ വിളിക്കാമെന്നെല്ലാമാണ് ആള്‍ പറഞ്ഞത്.
പിന്നെ തിരുവനന്തപുരത്ത് ഒരു മാളില്‍ വെച്ച് കണ്ടപ്പോള്‍ കാര്‍ട്ടൂണ്‍ പോലെയുള്ള ഒരു പോസ്റ്റര്‍ കാണിച്ച് തന്നിട്ട് ഒരു സിനിമ ചെയ്യാന്‍ പോകുകയാണ് കേട്ടോ, അജയന്റെ രണ്ടാം മോഷണം എന്നാണ് പേര്, ബ്രോ ഉണ്ടാകും എന്നൊക്കെ ജിതിന്‍ പറഞ്ഞു. എന്തെങ്കിലും സ്ഥിരമായ രീതിയിലുള്ള കഥാപാത്രമായിരിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.
പിന്നെയാണ് ഒന്ന് ഓഫീസിലേക്ക് വരാമോ എന്ന് ചോദിക്കുന്നത്. ഞാന്‍ അങ്ങനെ അവിടെ പോയപ്പോള്‍ എന്നോട് കഥയൊക്കെ ഒന്ന് വിവരിച്ച് തന്നു. അങ്ങനെ എനിക്ക് സ്‌ക്രിപ്റ്റ് കൊണ്ട് തന്നു. അത് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ടൊവിനൊയൊക്കെയാണ് നായകന്‍. ഞാന്‍ ജിതിനോട് ചോദിച്ചു എന്നെ നായികയാക്കാന്‍ ടോവിനോ സമ്മതിച്ചോയെന്ന്. ടൊവിനോ അങ്ങനെ ഉള്ള ആളൊന്നും അല്ല, എന്നാലും എന്റെ ഒരു ആകാംഷയുടെ പുറത്ത് ചോദിച്ചതായിരുന്നു,’ സുരഭി ലക്ഷ്മി പറയുന്നു.
Content Highlight: Surabhi Lakshmi Talks About Her Entry To Ajayante Randam Moshanam Movie