| Tuesday, 31st December 2024, 3:42 pm

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അങ്ങനെ ഒരു സിനിമ ലഭിക്കുന്നത്; അതിനുശേഷം ഞാന്‍ ആ തീരുമാനമെടുത്തു: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരുപതു വര്‍ഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സുരഭി ലക്ഷ്മി. ടെലിവിഷനിലൂടെയും വെള്ളിത്തിരയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ സുരഭിയുടെ മികച്ച കഥാപാത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ മാണിക്യം. ടൊവിനോ തോമസിന്റെ നായികയായിട്ടായിരുന്നു സുരഭി ചിത്രത്തിലെത്തിയത്.

സിനിമയില്‍ തനിക്ക് സ്ഥിരമായി ഡള്‍ കഥാപാത്രങ്ങളാണ് കിട്ടിക്കൊണ്ടിരുന്നതെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും ആ രീതിയിലുള്ള വേഷങ്ങള്‍ തന്നെയായിരിക്കും വരുന്നതെന്നും സുരഭി പറയുന്നു. ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നും സുരഭി പറഞ്ഞു.

ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ ഇനി അവതരിപ്പിക്കില്ലെന്നും ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാണിക്യം പോലൊരു കഥാപാത്രം തനിക്ക് ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘വിദ്യാഭ്യാസവായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയായിരുന്നു വെള്ളിത്തിരയിലെ എന്റെ ആദ്യ കഥാപാത്രം. ദരിദ്രരായതിനാല്‍ തിരിച്ചടവ് ശേഷിയില്ലെന്ന് വിധിയെഴുതിയാണ് വായ്പ നിഷേധിക്കപ്പെട്ടത്. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് പറയുന്ന കഥാപാത്രമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് പ്രമുഖ നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായും.

ഇത്തരം ഡള്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അതുപോലുള്ളവ തന്നെയാണു വീണ്ടും വരിക. ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നിരിക്കെ കഥാപാത്രം തെരഞ്ഞെടുത്ത് അഭിനയിക്കലൊന്നും തുടക്കത്തില്‍ സാധ്യമായിരുന്നില്ല. കിട്ടിയവയെല്ലാം ചെയ്തു.

ഇപ്പോഴും കൈ നിറയെ അവസരങ്ങളുണ്ടായിട്ടല്ല. എങ്കിലും ഒരു കാര്യം തീരുമാനിച്ചു. ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ ഒഴിവാക്കും. മാണിക്യം പോലെയൊരു ശക്തമായ കഥാപാത്രം കിട്ടുന്നത് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. ഒരു ആക്ടര്‍ എന്ന നിലയ്ക്ക് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു മാണിക്യം. അത് അംഗീകരിക്കപ്പെട്ടു.

പദ, കള്ളന്‍ ഡിസൂസ തുടങ്ങിയ സിനിമകളിലേത് നല്ല കഥാപാത്രങ്ങളായിരുന്നു. എന്നിരുന്നാലും നന്നായി വിജയം നേടുന്ന കൊമേഷ്യല്‍ സിനിമയില്‍ എത്തിപ്പെട്ടാല്‍ മാത്രമേ നമുക്ക് ലഭിച്ച അംഗീകാരങ്ങള്‍ പോലും സാധാരണക്കാര്‍ തിരിച്ചറിയുകയുള്ളൂ. ആ അവസരമാണ് മാണിക്യം കൊണ്ട് തന്നത്,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talks About Her Characters In Films

We use cookies to give you the best possible experience. Learn more