ബ്ലാക്ക് മാജിക്കിനെ കുറിച്ചുവരെ ആ സിനിമക്ക് വേണ്ടി പഠിച്ചു: സുരഭി ലക്ഷ്മി
Entertainment
ബ്ലാക്ക് മാജിക്കിനെ കുറിച്ചുവരെ ആ സിനിമക്ക് വേണ്ടി പഠിച്ചു: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 11:49 am

നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 12) പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയന്‍, കുഞ്ഞികേളു, മണിയന്‍ എന്ന മൂന്ന് കഥാപാത്രമായി ടൊവിനോ വേഷമിടുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.

മൂന്നു നായികമാരുള്ള ചിത്രത്തില്‍ മാണിക്യം എന്ന കഥാപാത്രത്തെയായിരുന്നു സുരഭി സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മണിയന്‍ എന്ന ടൊവിനോയുടെ കഥാപാത്രത്തിന്റെ ജോഡിയായാണ് സുരഭി ലക്ഷ്മി എത്തിയത്.

സിനിമയില്‍ മാണിക്യത്തിന് കളരി ചെയ്യേണ്ട ആവശ്യമില്ലെങ്കിലും കഥാപത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി കളരി പഠിച്ചെന്നും ബ്ലാക്ക് മാജിക് പോലയുള്ളവയെ കുറിച്ച് കൂടുതലായും മനസിലാക്കിയെന്നും സുരഭി പറയുന്നു. വണ്ടര്‍ വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എനിക്ക് ഈ സിനിമയില്‍ കളരി കാണിക്കാനോ അങ്ങനെ ഒന്നും ഇല്ല. പക്ഷെ ഞാന്‍ അതിന് വേണ്ടിയിട്ട് കളരി പഠിക്കാന്‍ തുടങ്ങി. പിന്നെ ബ്ലാക്ക് മാജിക് പോലെയുള്ള കാര്യങ്ങളെ കുറിച്ച് പഠനം നടത്തി.

അജയന്‍ ഫോമായിട്ട് വരുന്നതുവരെയുള്ള ഒരു സമയമുണ്ട്. അതിന്റെ ഓരോ ഇവന്റസും എങ്ങനെ ആണെന്നുള്ളത് കൃത്യമായിട്ട് നമ്മള്‍ പഠിച്ചു. അതിന് എന്നെ സഹായിച്ചത് എന്റെ തിയേറ്റര്‍ അധ്യാപകരാണ്. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ എന്നെ ഡിഗ്രി മുതല്‍ പഠിപ്പിക്കുന്ന മാഷാണ് വിനോദ് കുമാര്‍. പിന്നെ ജോതിഷേട്ടന്‍. ഞാന്‍ ആ സമയത്ത് വിനോദ് മാഷിനെ ഫ്രെയിം ചെയ്യുന്നൊരു വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു.

അതേ സമയത്ത് തന്നെയാണ് എനിക്ക് ഈ ക്യാരക്ടറും വരുന്നത്. ഞങ്ങള്‍ ഇതും വെച്ച് വര്‍ക്ക് ചെയ്തു. പിന്നെ ജിതിനും കൂടെ വന്നു. സുജിത്തേട്ടന്റെ അതിഗംഭീരമായിട്ടുള്ള സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്. പ്രത്യേകിച്ചും നാടകത്തിന്റെ സ്‌ക്രിപ്‌റ്റെല്ലാം വായിക്കുന്നത് കൊണ്ട് നമുക്കത് കൃത്യമായി മനസിലാക്കും. അദ്ദേഹം അതിനകത്ത് ഒട്ടനവധി കഥകള്‍ കുത്തി നിറച്ച് കൃത്യമായി എഡിറ്റ് ചെയ്ത് വെച്ചേക്കുകയായിരുന്നു.

അപ്പോള്‍ നമുക്കതില്‍ അധികം പണിയൊന്നുമില്ല. അതിന് ശേഷം ടോവിനോയുടെ കൂടെ ഇരുന്നു. പിന്നെ കൂട്ടിച്ചേര്‍ക്കേണ്ടതെല്ലാം ചെയ്യേണ്ടതെല്ലാം കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊക്കെ ഫോം ചെയ്ത് എടുത്തതാണ് മാണിക്യം എന്ന് പറയുന്ന കഥാപാത്രം.

സ്‌ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ ഈ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് കാണാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ അത് വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കത് അത്രയും വിശ്വസിക്കാന്‍ കഴിയുകയുള്ളു. മാത്രവുമല്ല സുരഭി എന്നൊരു വ്യക്തിയും അതില്‍ ഉണ്ടാകാന്‍ പാടില്ല. എത്ര ആഴത്തിലാണോ മാണിക്യം എന്റെ അകത്തു കയറുന്നത് അതെ ആഴത്തില്‍ എനിക്ക് നിങ്ങളുടെ മുന്നിലും എത്താന്‍ കഴിയും,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talks About Her  Character In Ajayante Randam Moshanam Movie