മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തന്റെ പ്രായത്തിനേക്കാള്‍ പക്വതയുള്ള വേഷങ്ങളാണ് സുരഭി കൂടുതലായും ചെയ്തിട്ടുള്ളത്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത് സുരഭിയാണ്.
തന്റെ സൗഹൃദ വലയത്തിന് പുറത്തുനിന്നൊരാള്‍ ആയ അനൂപ് മേനോന്‍ വിളിച്ച് ചെയ്ത ചിത്രമായിരുന്നു പത്മയെന്ന് സുരഭി പറയുന്നു. വാണിജ്യ രീതിയില്‍ തനിക്ക് വഴിത്തിരിവായത് അജയന്റെ രണ്ടാം മോഷണമാണെന്നും അതിന്റെ ഓരോ ഷോ കഴിയുമ്പോഴും ആളുകള്‍ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നായികയാകണം എന്ന് ആഗ്രഹമില്ലായിരുന്നെന്നും ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന നടിയെന്ന രീതിയില്‍ വളരാനായിരുന്നു ആഗ്രഹമെന്നും സുരഭി പറയുന്നു. അതിന്റെ ഭാഗമായിട്ടായിരിക്കാം അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ മാണിക്യം എന്ന കഥാപാത്രം തന്നെ തേടി വന്നതെന്നും സുരഭി പറയുന്നു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
‘എന്റെ സുഹൃത്ത് വലയത്തിന് പുറത്തുനിന്നൊരാള്‍, അനൂപ് മേനോന്‍ വിളിച്ചുതന്ന വേഷമാണ് പദ്മയിലേത്. എന്റെ കഥാപാത്രത്തിന്റെ പേരിലുള്ള സിനിമയായിരുന്നു അത്. പിന്നെ ഇടയ്ക്ക് കള്ളന്‍ ഡിസൂസയും ചെയ്തിരുന്നു. പക്ഷേ വാണിജ്യസിനിമ എന്നരീതിയില്‍ വഴിത്തിരിവായത് എ.ആര്‍.എം. ആണ്.
സുരഭി ലക്ഷ്മി എന്ന നടിക്ക് ദേശീയപുരസ്‌കാരം കിട്ടിയെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, എ.ആര്‍.എം എന്ന ചിത്രമാണ് എല്ലാവരും കണ്ട് ആസ്വദിച്ച ചിത്രം. ഓരോ ഷോ കഴിയുമ്പോഴും കോളുകള്‍ വന്നുകൊണ്ടയിരിക്കുകയാണ്.
നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതായിരുന്നു. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാര്‍ഥമായി സമീപിക്കുകയും ചെയ്യുക എന്നതുമാത്രമേ ഓരോ സിനിമയിലും ഞാന്‍ ചെയ്തിട്ടുള്ളൂ.
നായികയ്ക്കപ്പുറം ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന നടിയെന്ന നിലയില്‍ വളരാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത്,’ സുരഭി ലക്ഷ്മി പറയുന്നു.
Content Highlight: Surabhi Lakshmi Talks About Her Acting Career And A.R.M Film