കേരളത്തിലെ പൊന്നാനിയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാപ്പറാണ് ഹനുമാന്‍കൈന്‍ഡ് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്. ബെംഗളുരു ആസ്ഥാനമായുള്ള ഈ റാപ്പറുടെ ട്രാക്കായ ബിഗ് ഡോഗ്സ് ഇന്റര്‍നെറ്റില്‍ സെന്‍സേഷനാണ്. മരണകിണറിന്റെ ചുവരില്‍ ചിത്രീകരിച്ച ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബില്‍ 180 മില്യണിലധികം കാഴ്ചക്കാരുമായി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.
ഹനുമാന്‍കൈന്‍ഡ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് റൈഫിള്‍ ക്ലബ്. ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹനുമാന്‍ കൈന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി. ഹനുമാന്‍കൈന്‍ഡിനെ ആദ്യം കണ്ടപ്പോള്‍ ഹനുമാന്‍ ഭക്തനായതുകൊണ്ടാണോ ഇങ്ങനെ ഒരു പേരിട്ടതെന്ന് താന്‍ ചോദിച്ചെന്ന് സുരഭി പറയുന്നു.
സിനിമയുടെ സെറ്റിലെല്ലാം ഹനുമാന്‍കൈന്‍ഡ് ഭയങ്കര ഇംഗ്ലീഷ് ആയിരുന്നെന്നും താന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ കൊണ്ടോട്ടിക്കാരന്‍ സൂരജ് ആണെന്ന് ഹനുമാന്‍കൈന്‍ഡ് പറഞ്ഞെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒരു പളുങ്ക് മനസിന് ഉടമയാണെന്നും ഹനുമാന്‍കൈന്‍ഡ് ടീ ഷര്‍ട്ട് ഊരിയപ്പോള്‍ ശരീരത്തിലെ പച്ചകണ്ട് അദ്ദേഹം ഒരു പച്ചമനുഷ്യനാണെന്ന് മനസിലായെന്നും സുരഭി തമാശ രൂപേണ പറഞ്ഞു. റൈഫിള്‍ ക്ലബ്ബിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
‘ഹനുമാന്‍കൈന്‍ഡിനെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ഹനുമാന്‍കൈന്‍ഡ് എന്ന് നീ പേരിട്ടത് നീയൊരു ഹനുമാന്‍ ഭക്തനായതുകൊണ്ടാണോ എന്നാണ്. അപ്പോള്‍ അവന്‍ പറഞ്ഞു അതല്ല എന്ന്. ഭയങ്കര ഇംഗ്ലീഷൊക്കെയായി അവന്‍ അവിടെ ഉള്ളവരോടൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
ദൈവമേ ഞാന്‍ എങ്ങനെ അവനോട് ഒന്ന് സംസാരിക്കും എന്ന് ആലോചിച്ച് ഞാന്‍ പതുക്കെ പതുക്കെ അവനോട് ഓരോന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ‘ ഞാന്‍ കൊണ്ടോട്ടിക്കാരന്‍ സൂരജാ ചേച്ചി’ എന്ന്. അത്രയും പളുങ്ക് മനസുള്ള ഹനുമാന്‍കൈന്‍ഡാണ്. പിന്നെ അവന്‍ ടി ഷര്‍ട്ട് കൂടെ ഊരിയപ്പോള്‍ ശരീരം മുഴുവന്‍ പച്ച. അങ്ങനെ ഒരു പച്ച മനുഷ്യനാണ് സൂരജെന്ന് മനസിലായി (ചിരി),’ സുരഭി ലക്ഷ്മി പറയുന്നു.
റൈഫിള്‍ ക്ലബ്
ശ്യാം പുഷ്‌കരന്‍ , ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവരുടെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. വിജയരാഘവന്‍, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ഹനുമാന്‍കൈന്‍ഡ്, സുരഭി ലക്ഷ്മി തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. റൈഫിള്‍ ക്ലബ് ഇന്ന് (ഡിസംബര്‍ 19) തിയേറ്ററുകളിലെത്തും.
Content Highlight: Surabhi Lakshmi Talks About HanumanKind