ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ എത്തിയ സിനിമയില്‍ ഒരു ശക്തമായ വേഷത്തില്‍ എത്തിയ നടനാണ് അനുരാഗ് കശ്യപ്. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് നടന്‍ റൈഫിള്‍ ക്ലബില്‍ എത്തിയത്.
അദ്ദേഹത്തിന് പുറമെ വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ഇപ്പോള്‍ അനുരാഗ് കശ്യപിനെ കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി.
തങ്ങള്‍ സെറ്റില്‍ ഓരോന്നും ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന് അത്ഭുതമായിരുന്നെന്നും മലയാളികളെ കുറിച്ച് അനുരാഗ് കശ്യപിന് നല്ല അഭിപ്രായമാണെന്നും സുരഭി പറയുന്നു. തങ്ങള്‍ ഷൂട്ടിങ് കഴിഞ്ഞ് ഒരുമിച്ചിരുന്ന് കഥകള്‍ പറയുന്നത് കാണുമ്പോള്‍ ഹിന്ദിയിലൊന്നും ഇങ്ങനെ നടക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു.
റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍, അനുരാഗ് കശ്യപ് റൈഫിള്‍ ക്ലബ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയില്‍ എങ്ങനെയാണ് സമയം തള്ളിനീക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരഭി ലക്ഷ്മി.
‘ഫ്രീ ടൈമില്‍ അനുരാഗ് സാര്‍ എന്താണ് ചെയ്തതെന്നാണോ ചോദ്യം? ഞങ്ങള്‍ അവിടെ ഓരോന്നും ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന് അത്ഭുതമായിരുന്നു. മലയാളികളെ കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. റൈഫിള്‍ ക്ലബ് സിനിമ ഷൂട്ട് ചെയ്ത സമയത്ത് അദ്ദേഹം അഭിനയിച്ച മഹാരാജ പുറത്തിറങ്ങിയിട്ടില്ല. ആ സമയത്ത് ലിയോ ആയിരുന്നു ഇറങ്ങിയത്.
ഞങ്ങള്‍ക്ക് കാരവാനൊന്നും ഉണ്ടായിരുന്നില്ല. പകരം ഓരോ ക്യാബിനുകളായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ അവിടെ എല്ലാവരും കൂടെ പൊളിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ വട്ടത്തില്‍ ഇരുന്ന് കഥകള്‍ പറഞ്ഞിരിക്കും. അത് കണ്ടപ്പോള്‍ അനുരാഗ് സാര്‍ പറഞ്ഞത് ‘ഹിന്ദിയിലൊന്നും ഇങ്ങനെ നടക്കാറില്ല’ എന്നാണ്.
അദ്ദേഹം ഹിന്ദിയിലാണ് അത് പറഞ്ഞത്. അതുപോലെ തന്നെ പറഞ്ഞു തരാന്‍ എനിക്ക് അറിയില്ല (ചിരി). അര്‍ത്ഥം മാത്രമേ ഞാന്‍ പറഞ്ഞു തരികയുള്ളൂ. ‘ഹിന്ദിയിലൊന്നും ഇങ്ങനെ നടക്കാറില്ല. ഞാന്‍ നിങ്ങളുടെ കൂടെ ജോയിന്‍ ചെയ്‌തോട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നിരുന്നു,’ സുരഭി ലക്ഷ്മി പറഞ്ഞു.
Content Highlight: Surabhi Lakshmi Talks About Anurag Kashyap