| Monday, 30th September 2024, 9:27 am

ഞാനും ടൊവിനോയും അലുവയും മത്തി കറിയും പോലെയെന്ന് പറഞ്ഞ് അവര്‍ കളിയാക്കി: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസായി എത്തി മികച്ച വിജയമായ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജിതില്‍ ലാലായിരുന്നു. ടൊവിനോ തോമസ് നായകനായ സിനിമയില്‍ അദ്ദേഹം മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

സിനിമയില്‍ ടൊവിനോയുടെ നായികമാരായി എത്തിയത് സുരഭി ലക്ഷ്മിയും ഐശ്വര്യ രാജേഷും കൃതി ഷെട്ടിയുമായിരുന്നു. അജയന്റെ രണ്ടാം മോഷണത്തില്‍ രണ്ടു പ്രായത്തിലുള്ള കഥാപാത്രമായ മാണിക്യത്തെയാണ് സുരഭി അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് സുരഭി. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്റെ കൂട്ടുകാരൊക്കെ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ആ ചോദ്യം ചിലപ്പോള്‍ ജിതിനും സുജിത്തേട്ടനുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ടാകും. ടൊവിനോയും നീയുമോ എന്ന എന്റെ കൂട്ടുകാര് ചോദിച്ചിട്ടുണ്ട്. അതിനെന്താണെന്ന് ഞാന്‍ തിരിച്ച് ചോദിച്ചിരുന്നു. അന്ന് അലുവയും മത്തി കറിയും പോലെയൊക്കെ ഇരിക്കുമോയെന്ന് പറഞ്ഞ് എന്നെ കളിയാക്കിയിട്ടുണ്ട്.

അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ഇപ്പോള്‍ പഴംപൊരിയും ബീഫുമൊക്കെയാണ് ട്രെന്‍ഡിങ്. ആളുകള്‍ക്ക് എന്ത് ടേസ്റ്റാണ് ഇഷ്ടപ്പെടുകയെന്ന നമുക്ക് പറയാന്‍ പറ്റില്ല’ എന്നായിരുന്നു. അപ്പോള്‍ സിനിമ തിയേറ്ററില്‍ വന്നിരുന്നില്ല. എങ്കിലും മാണിക്യത്തെ ഞാന്‍ എത്രത്തോളം ആഴത്തിലാണ് ചെയ്തതെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു,’ സുരഭി ലക്ഷ്മി പറയുന്നു.

മറ്റു സിനിമകളില്‍ നിന്ന് അപേക്ഷിച്ച് ടൊവിനോ തോമസ് അജയന്റെ രണ്ടാം മോഷണത്തിന് വേണ്ടി നന്നായിട്ട് ട്രെയ്‌നിങ് നടത്തിയിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. നടനൊപ്പമുള്ള സീനിനെ കുറിച്ചും സുരഭി സംസാരിച്ചു.

‘മറ്റു സിനിമകളില്‍ നിന്ന് അപേക്ഷിച്ച് ടൊവിനോ ഈ സിനിമക്ക് വേണ്ടി നന്നായിട്ട് ട്രെയ്‌നിങ് നടത്തിയിട്ടുണ്ട്. ടൊവിനോ മണിയൊക്കെ കിലുക്കി വരുമ്പോള്‍ വേറെതന്നെ ഒരു ഫീലായിരുന്നു. ആ കഥാപാത്രത്തെ അറിയുന്നത് കൊണ്ടും ടൊവിനോയുടെ നിറം കൊണ്ടും അദ്ദേഹത്തിന്റെ ലുക്ക് കൊണ്ടും മുന്നിലുള്ളത് ടൊവിനോ ആണെന്നുള്ള ഫീല് ഉണ്ടായിരുന്നില്ല.

ഞങ്ങള് ഒരുമിച്ചുള്ള സീന്‍ ചെയ്യുന്നതിന് മുമ്പ് ടൊവി ഒരു ആക്ടറെന്ന നിലയില്‍ നമ്മളോട് സംസാരിച്ചിരുന്നു. ചില ആളുകള്‍ ശരീരത്തില്‍ തൊടുമ്പോള്‍ അണ്‍കംഫേര്‍ട്ടബിളാകുമല്ലോ. സീനില്‍ അങ്ങനെ അണ്‍കംഫേര്‍ട്ടബിളായി തോന്നിയാല്‍ അത് നേരത്തെ പറയണമെന്നാണ് അവന്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞത് വേണ്ട ടൊവി, ‘നീ നിന്നെ സൂക്ഷിച്ചാല്‍ മതി’ എന്നായിരുന്നു. അതോടെ ആ കാര്യം ബ്രേക്കായി. കാരണം അത്തരം സീനുകള്‍ രണ്ടുപേര്‍ക്കിടയില്‍ ഒരു ബൗണ്ടറി വെച്ചാല്‍ ചെയ്യാന്‍ പറ്റില്ല,’ സുരഭി ലക്ഷ്മി പറയുന്നു.


Content Highlight: Surabhi Lakshmi Talks About Ajayante Randam Moshanam

We use cookies to give you the best possible experience. Learn more