മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ സുരഭിക്ക് കഴിഞ്ഞു. സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം) എന്ന സിനിമയില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തിയതും സുരഭിയായിരുന്നു. ആ സിനിമയിലെ മാണിക്യം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
അവാര്‍ഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് സ്‌ക്രിപ്റ്റ് സെലക്ഷനെന്ന ഒരു കാര്യമേയില്ലെന്ന് പറയുകയാണ് സുരഭി ലക്ഷ്മി. 2024ലും 2023ലും ഓരോ സിനിമകളില്‍ വീതമാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും നടി പറയുന്നു.
പുതിയ ചിത്രമായ റൈഫിള്‍ ക്ലബില്‍ കുടെ അഭിനയിച്ച ആളുകള്‍ തന്നെ കാണുമ്പോള്‍ അജയന്റെ രണ്ടാം മോഷണത്തിലെ ‘അങ്ങ് വാനകോണിലെ..’ എന്ന പാട്ടാണ് പാടാറുള്ളതെന്നും സുരഭി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവാര്‍ഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സ്‌ക്രിപ്റ്റ് സെലക്ഷന്‍ എന്ന കാര്യമേയില്ല. രണ്ട് സ്‌ക്രിപ്റ്റുകള്‍ വന്നാല്‍ അതില്‍ ഒന്ന് കൊള്ളില്ല, അതുകൊണ്ട് അടുത്തത് എടുക്കാമെന്നല്ല ചിന്തിക്കുന്നത്. കിട്ടുന്ന സ്‌ക്രിപ്റ്റുകളില്‍ നമുക്ക് പരമാവധി ചെയ്യാന്‍ പറ്റുന്നത് ചെയ്യുകയെന്നത് മാത്രമേയുള്ളൂ.
2024ല്‍ ഞാന്‍ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അത് റൈഫിള്‍ ക്ലബായിരുന്നു. 2023ല്‍ അഭിനയിച്ചതാണ് എ.ആര്‍.എം. ഇപ്പോള്‍ റൈഫിള്‍ ക്ലബിലെ ആളുകള്‍ എന്നെ കാണുമ്പോള്‍ തന്നെ പാടുന്ന ഒരു പാട്ടുണ്ട്.
‘അങ്ങ് വാനകോണിലെ..’ എന്ന പാട്ടായിരുന്നു അത്. പക്ഷെ ഇനി മാറ്റമുണ്ടാകും. ഇനിയിപ്പോള്‍ റൈഫിള്‍ ക്ലബിലെ സൂസമ്മയാകും,’ സുരഭി ലക്ഷ്മി പറഞ്ഞു.
Content Highlight: Surabhi Lakshmi Talks About Ajayante Randam Moshanam