സുരഭി ലക്ഷ്മി പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ പ്രശസ്തയാകുന്നത് എം 80 മൂസ എന്ന സീരിയലിലൂടെയാണ്. അതിൽ സുരഭി ചെയ്ത പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടു. പാത്തുവിന്റെയും മൂസയുടെയും ജോഡി ആളുകൾക്കിടയിൽ നർമമുണർത്തി.
വേറിട്ട സംസാരശൈലിയും നിഷ്കളങ്കതയുമുള്ള പാത്തു എന്ന കഥാപാത്രം സുരഭിയുടെ കയ്യിൽ ഭദ്രമായിരുന്നു. അതിനു ശേഷം ഒരുപാട് പരസ്യങ്ങളിലും ഉദ്ഘാടനങ്ങളിലും സുരഭി ലക്ഷ്‌മി അതേ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
പാത്തു എന്ന കഥാപാത്രം നാട്ടിൻ പുറത്തെ ഒരു സ്ത്രീയായതുകൊണ്ട് തന്നെ സുരഭിയെ പ്രേക്ഷകർ കാണുന്നത് അത്രക്കും അടുപ്പമുള്ള ആളായി തന്നെയാണ്. പല സ്ഥലങ്ങളിലും ഉദ്ഘാടനങ്ങൾക്ക് പാത്തു എന്ന കഥാപാത്രം ഉപയോഗിക്കുന്ന നൈറ്റിയുമിട്ട് പോയിട്ടുണ്ടെന്നും ഇപ്പോഴാണ് മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയതെന്നും പറഞ്ഞിരിക്കുകയാണ് സുരഭി. കുറി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘എം 80 മൂസയിലെ പാത്തു എന്ന ക്യാരക്ടറിന് ഞങ്ങളുടെ നാട്ടിലൊക്കെയുള്ള അറുപത് എഴുപത് വര്ഷം മുൻപുള്ള ഉമ്മമാർ സംസാരിക്കുന്ന രീതിയാണ്. ഞാൻ ഒരു നാട്ടിൻ പുറത്ത് നിന്നും വന്നിട്ടുള്ള ആളായത് കൊണ്ട് എന്റെ അകത്തും ആ സ്വഭാവ സവിശേഷതകൾ ഉണ്ടാകും. ആളുകൾ പെട്ടെന്നു എന്നെ തിരിച്ചറിയുന്നത് പാത്തു എന്ന ക്യാരക്ടറിലൂടെയായിരിക്കും. അതുകൊണ്ട് ആളുകൾ പെട്ടെന്ന് അടുത്തേക്ക് വരും.
നാഷണൽ അവാർഡ് കിട്ടി കഴിഞ്ഞതിന് ശേഷവും ആളുകൾ വിളിക്കുന്നത് ഈ ടൈപ്പ് ക്യാരക്ടറിനായത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഞാനും വിനോദേട്ടനും (മൂസയുടെ ക്യാരക്ടർ ചെയ്ത നടൻ) ഒരുപാട് പരസ്യങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.
ഉദ്ഘാടനങ്ങൾക്ക് ഒക്കെ പോയിക്കൊണ്ടരുന്നത് നൈറ്റി ഇട്ടിട്ടാണ്. ജ്വല്ലറിയും ടെക്സ്റ്റൈൽസുമെല്ലാം നൈറ്റി ഇട്ടുപോയി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മാറ്റം വന്നത്,’ സുരഭി ലക്ഷ്മി പറഞ്ഞു.