നാഷണൽ അവാർഡ് കിട്ടിയാൽ പണക്കാരിയായി എന്നാണ് പലരും കരുതുന്നത്, അമ്പലത്തിൽ പോകുമ്പോൾ പൈസ കൂട്ടിയെഴുതുമായിരുന്നു: സുരഭി ലക്ഷ്മി
Entertainment news
നാഷണൽ അവാർഡ് കിട്ടിയാൽ പണക്കാരിയായി എന്നാണ് പലരും കരുതുന്നത്, അമ്പലത്തിൽ പോകുമ്പോൾ പൈസ കൂട്ടിയെഴുതുമായിരുന്നു: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 11:13 am

സുരഭി ലക്ഷ്മിയുടെ ജീവിതത്തിൽ കോഴിക്കോട് എന്ന സ്ഥലത്തിനും അവിടുത്തെ നാട്ടുകാർക്കുമുള്ള പങ്ക് പല അഭിമുഖങ്ങളിലും സുരഭി എടുത്ത് പറയാറുണ്ട്. അവരുടെ സ്നേഹവും പ്രതീക്ഷയും സുരഭിയെ സ്വാധീനിക്കുന്ന രീതിയെ കുറിച്ചും സംസാരിക്കാറുണ്ട്.

സുരഭിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ചഭിനയിക്കുന്ന കുറി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് നടി ഇപ്പോൾ. അതിന്റെ ഭാഗമായി ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ നാട്ടിൽ വെച്ചുണ്ടായ രസകരമായ അനുഭവത്തെ കുറച്ച് സംസാരിക്കുകയാണ് സുരഭി.

ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ സംഭാവന കൂട്ടിയെഴുതിയെന്നും നാഷണൽ അവാർഡ് കിട്ടുന്നതോടെ പണക്കാരിയായെന്നുമാണ് അവരൊക്കെ കരുതുന്നതെന്നുമാണ് സുരഭി പറഞ്ഞത്.

 

‘ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നായിക സുരഭി ലക്ഷ്മി എന്ന രീതിയിൽ ഞാൻ ഒരു വലിയ നടന്റെ കൂടെയോ വലിയ ബാനറിന്റെ കൂടെയോ വന്ന ഒരാളൊന്നുമല്ല ഞാൻ. അതുകൊണ്ട് നാഷണൽ അവാർഡ് എന്നത് എല്ലാവർക്കും അപ്രതീക്ഷിതമായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അവരെല്ലാവരും ആ അംഗീകാരം നാടിന്റെ ആഘോഷമാക്കി മാറ്റി. എനിക്ക് പേടിയും കൂടിയാണത്

. സുരഭി ഞങ്ങളുടെ നാട്ടുകാരിയാണ്, ഞങ്ങളുടേതാണ് എന്നൊക്കെ പറയുമ്പോൾ ആ ഉത്തരവാദിത്തം കൂടെയുണ്ടല്ലോ. അതുകൊണ്ട് തന്നെ എന്താ സുരഭി ആ നടന്റെ കൂടെ അഭിനയിക്കാത്തത്, എന്താ സുരഭി പുതിയ സിനിമകൾ ഒന്നും വരാത്തത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ഞാൻ എന്ത് ചെയ്യാനാ, എന്നെ വിളിക്കണ്ടേ എന്നാണ് മറുപടി പറയാറുള്ളത്.

നാഷണൽ അവാർഡ് കിട്ടുന്നതോടെ നമ്മൾ പണക്കാരിയായി എന്നാണ് പലരും വിചാരിക്കുന്നത്. അമ്പലത്തിലൊക്കെ പോകുമ്പോൾ സുരഭി ഒരു കാര്യം ചെയ്യ്, ഇത്ര പൈസ തന്നോ എന്ന് പറയും. ഞാൻ പറയും എന്റെ ചേട്ടാ ഇത്ര പൈസയൊന്നും കൂട്ടിയെഴുതല്ലേ, ഞാൻ ഒരു ആയിരമോ രണ്ടായിരമോ കൂട്ടി തരാം. അപ്പോൾ അവർ അത്ഭുതത്തോടെ എന്താ അങ്ങനെ എന്ന് ചോദിക്കും. ഒറ്റ കാര്യം ചെയ്‌താൽ മതി കോഴിക്കോട് നഗരത്തിൽ പോയിട്ട് ഏതെങ്കിലും പോസ്റ്ററിൽ ഞാൻ പ്രധാന നായികയായി അഭിനയിക്കുന്നത് കണ്ടാൽ ഇപ്പോൾ തരും ഈ പൈസ എന്ന് പറയും ഞാൻ. നാഷണൽ അവാർഡ് കിട്ടിയതിനു ശേഷവും രണ്ടും മൂന്നും സീനുള്ളതും, കൂട്ടുകാരിയായിട്ടും കുഞ്ഞു കുഞ്ഞു റോളുകൾ തന്നെയാണ് ചെയ്തത്,’ സുരഭി പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിച്ച കുറി എന്ന ചത്രമാണ് സുരഭിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂലൈ എട്ടിനാണ് ഈ ചിത്രം റിലീസാകുന്നത്. കോക്കഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Content Highlight: Surabhi Lakshmi talking about her village