| Wednesday, 2nd October 2024, 8:52 pm

ആ നടൻ എന്റെ ക്ലാസ്മേറ്റാണ്, അന്ന് ടുട്ടു മോൻ എന്നായിരുന്നു വിളിച്ചിരുന്നത്: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സുരഭി ലക്ഷ്മി. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറാൻ സുരഭിക്ക് കഴിഞ്ഞിരുന്നു.

മിന്നാമിന്നുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടാനും സുരഭിക്ക് സാധിച്ചു. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സുരഭി ലക്ഷ്മി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ദിലീഷ് പോത്തൻ, സെന്ന ഹെഗ്‌ഡേ, ഹനുമാൻ കൈൻഡ് തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി.

ദിലീഷ് പോത്തൻ തന്റെ ക്ലാസ്മേറ്റാണെന്നും അന്ന് ടുട്ടുമോൻ എന്നായിരുന്നു ദിലീഷ് പോത്തനെ വിളിച്ചിരുന്നതെന്നും സുരഭി ലക്ഷ്മി പറയുന്നു. എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ ചെയ്ത ചിത്രമാണ് റൈഫിൾ ക്ലബ്ബ് എന്നും സുരഭി പറഞ്ഞു. വണ്ടർവാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘വരാനിരിക്കുന്ന എന്റെ ചിത്രം റൈഫിൾ ക്ലബ്ബ് ആണ്. ആ സിനിമയും എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ ചെന്നഭിനയിച്ച ചിത്രമാണ്. അതിൽ ഒരുപാട് പേരുണ്ട്.

ദിലീഷ് പോത്തൻ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ഞങ്ങൾ ടുട്ടു മോൻ എന്നായിരുന്നു വിളിക്കാറ്. ഞങ്ങളെക്കാൾ കുറച്ച് വയസുള്ള ആളാണ് പോത്തൻ.

പോത്തൻ ഒരിക്കൽ വിളിച്ചിട്ട് എന്നോട് ചോദിച്ചു, ഒരു പത്ത് മുപ്പത് ദിവസം ഒഴിവുണ്ടോയെന്ന്. ഞാൻ പറഞ്ഞ് ആ ഉണ്ടല്ലോയെന്ന്. സത്യം പറഞ്ഞാൽ ഇഷ്ടംപോലെ ഒഴിവുണ്ട്. ഒഴിവേയുള്ളൂ.

എന്നാൽ നീ കുറച്ച് ഡ്രസ് പാക്ക് ചെയ്ത് മുണ്ടക്കയത്തേക്ക് വാ. നമ്മളൊരു സിനിമ ചെയ്യുന്നുണ്ട് എന്ന് പോത്തൻ പറഞ്ഞു. എന്താണ് സിനിമയെന്നൊന്നും നീയിപ്പോൾ എന്നോട് ചോദിക്കരുതെന്നും ദിലീഷ് പോത്തൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ റൈഫിൾ ക്ലബ്ബിലേക്ക് എത്തുന്നത്,’സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talk About Dileesh Pothan

Latest Stories

We use cookies to give you the best possible experience. Learn more